സെന്‍കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡിജിപി; നിയമപ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു. സെൻകുമാറിനെ പൊലീസ് മേധാവിയാക്കികൊണ്ടുള്ള  ഉത്തരവ് ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. ലോക്നാഥ് ബെഹ്റയെ വിജിലന്‍സ്‌ ഡിജിപിയായും നിയമിച്ചു. ഐഎംജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷം വൈകുന്നേരം നാലരയോടെയാണ് സെന്‍കുമാര്‍  പൊലീസ് ആസ്ഥാനത്തെത്തി ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.

പൊലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് സ്വീകരിച്ചത്. 11 മാസത്തിന് ശേഷമാണ് അദ്ദേഹം പദവിയില്‍ തിരിച്ചെത്തുന്നത്.

നിയമപ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണന. വാഹനാപകടങ്ങള്‍ കുറയ്ക്കാനും സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കും. നഗരങ്ങളില്‍ പ്രത്യേക ക്യാമറകള്‍ സ്ഥാപിക്കും. ഡിവൈഎസ്പിമാരെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നില്ല. പൊലീസിന് ഉപദേഷ്ടാവില്ല. മുഖ്യമന്ത്രിക്കാണ് ഉപദേഷ്ടാവ്. അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശങ്ങള്‍ നൽകട്ടെ. പൊലീസിന് എപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് ചുമതലയേറ്റെടുത്തതെന്നും അദ്ദേഹത്തിന്റെ സൗകര്യം നോക്കി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ ധൃതിപിടിച്ച നീക്കങ്ങൾ നടത്തിയത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്. വെള്ളിയാഴ്ചതന്നെ നിയമനം നൽകണമെന്ന നിർദേശമാണ് പാർട്ടി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിൽ സെൻകുമാറിനെ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങൾ സർക്കാർ വെള്ളിയാഴ്ച തന്നെ നടത്തിയിരുന്നു.

വിധി നടപ്പാക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി, ഐജി തസ്തികകളിൽ സർക്കാർ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. നൂറോളം ഡിവൈ.എസ്.പിമാരെ വെള്ളിയാഴ്ച മാറ്റിനിയമിക്കുകയും ചെയ്തു. സെൻകുമാറിനെ നിയമിക്കുന്നതിന് മുമ്പുള്ള എല്ലാ തയാറെടുപ്പും സർക്കാർ പൂർത്തിയാക്കുകയും നിയമിക്കേണ്ടിവരുമെന്ന സൂചന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിധി മാനിക്കാത്ത സർക്കാറിനെ രൂക്ഷമായ ഭാഷയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി  വിമർശിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സെൻകുമാറിന് നിയമനം നൽകിയത്.

You must be logged in to post a comment Login