സെമിയിൽ ഓസീസ് വീണു, ഇംഗ്ലണ്ട് Vs ന്യൂസിലൻറ് ഫൈനൽ

 

ബെർമ്മിങ്ങാം: സെമിഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിൻെറ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലൻറിനെ നേരിടും. സെമിയിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസീസിനെ തകർത്ത് കളഞ്ഞത്. 224 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അവർ 32.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

85 റൺസെടുത്ത ജേസൺ റോയ് ആണ് ഇംഗ്ലണ്ടിൻെറ ടോപ് സ്കോറർ. 34 റൺസെടുത്ത് ജോണി ബെയർസ്റ്റോ പുറത്തായി. ജോ റൂട്ടും (49), ഇയാൻ മോർഗനും (45) ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. 1992ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ കടക്കുന്നത്. ഇത് വരെ ലോകകപ്പ് സ്വന്തമാക്കാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസിലൻറും. ഇതോടെ ഈ ലോകകപ്പിന് പുതിയ അവകാശികൾ ആയിരിക്കുമെന്ന് ഉറപ്പായി.

ഓസ്ട്രേലിയൻ ബാറ്റിങ് നിര തകർന്നു

ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലീഷ് ബോളിങ് നിരയ്ക്ക് മുന്നിൽ പതറിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലായിരുന്നു. മുൻ നായകൻ സ്റ്റീവ് സ്മിത്തിൻെറയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയുടെയും ഇന്നിങ്സുകളാണ് ഓസീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

മൂന്നാമനായി ഇറങ്ങിയ സ്മിത്ത് 85 റൺസെടുത്തു. അലക്സ് കാരി 46 റൺസാണെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സും ആദിൽ റാഷിദും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ജോഫ്ര ആർച്ചർ രണ്ട് വീക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു

ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകൾക്കായുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടുന്നു. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ ഉസ്മാൻ ഖ്വാജയ്ക്ക് പകരം പീറ്റർ ഹാൻസ്കോമ്പാണ് ഓസ്ട്രേലിയൻ ടീമിൽ കളിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ സ്റ്റീവ് സ്മിത്ത് മൂന്നാമനായി ബാറ്റ് ചെയ്യുമെന്നും ഫിഞ്ച് പറഞ്ഞു.

കഴിഞ്ഞ മത്സരത്തേതിൽ നിന്ന് മാറ്റങ്ങളൊന്നും തന്നെ ഇല്ലാത്ത ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയിരിക്കുന്നത്. മത്സരത്തിൽ ടോസ് വളരെ നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തങ്ങളുടെയും തീരുമാനമെന്ന് ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ പറഞ്ഞു.

ലോകകപ്പിലെ പോയിൻറ് പട്ടികയിൽ ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഫിനിഷ് ചെയ്തിരുന്നത്. ഇന്നത്തെ സെമിഫൈനൽ മത്സരത്തിലെ വിജയികൾ ഫൈനലിൽ ന്യൂസിലൻറിനെ നേരിടും. ആദ്യ സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലൻറ് ഫൈനലിൽ എത്തിക്കഴിഞ്ഞു.

You must be logged in to post a comment Login