സെൻകുമാർ ഇനി വക്കീൽ വേഷത്തിലും; അഭിഭാഷകനായി എൻറോൾ ചെയ്തു

മുൻ ഡിജിപി ടി.പി.സെൻകുമാർ അഭിഭാഷകനായി എൻറോൾ ചെയ്തു. ഇന്ന് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് സത്യവാചകം ഏറ്റുചൊല്ലി സെൻകുമാർ അഭിഭാഷകനായത്. 270 പേരുടെ പുതിയ ബാച്ചിൽ എൺപത്തിയൊന്നാമനായാണ് സെൻകുമാർ എൻറോൾ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തന്റെ പൊതുപ്രവർത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് എൻറോൾമെന്റിന് ശേഷം ടി.പി.സെൻകുമാർ വ്യക്തമാക്കി.

വിശ്രമിക്കാൻ തനിക്ക്  ഉദ്ദേശമില്ലെന്നും ഭരണഘടനാ വിഷയങ്ങളിൽ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും സെൻകുമാർ പറഞ്ഞു. 1994ൽ തന്നെ തിരുവനന്തപുരം ലോ കോളേജിൽ നിന്നും സെൻകുമാർ നിയമബിരുദമെടുത്തിരുന്നെങ്കിലും അഭിഭാഷകനായി എൻറോൾ ചെയ്തിരുന്നില്ല. ഇതിനിടെ വക്കീൽ കുപ്പായമണിയാതെ തന്നെ ഹൈക്കോടതിയിൽ ഒരിക്കൽ വാദിക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെയാണ് സെൻകുമാർ ഹൈക്കോടതിയിൽ കേസ് വാദിച്ചത്. വി.ആർ.ലോ അസോസിയേറ്റ്‌സുമായി ചേർന്ന് പ്രവർത്തിക്കാനാണ് സെൻകുമാറിന്റെ ഇപ്പോഴത്തെ തീരുമാനം.

You must be logged in to post a comment Login