സേതുരാമയ്യരുടെ അന്വേഷണ രീതിയില്‍ നിന്നും സി.ബി.ഐ മാറി കഴിഞ്ഞു; ഇനി കേസന്വേഷണത്തിന് ഹാരിസ് എത്തും

സി.ബി.ഐ ഡയറികുറുപ്പിന്റെ അഞ്ചാംഭാഗത്തില്‍ മമ്മൂട്ടിക്ക് പകരം സുരേഷ്‌ഗോപി നായകനാകുന്നു. സി.ബി.ഐ ഡയറികുറുപ്പില്‍ മുന്‍പ് സുരഷ്‌ഗോപി തന്നെ അവതരിപ്പിച്ച ഹാരിസ് എന്ന കഥാപാത്രമായാണ് സുരേഷ്‌ഗോപി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം സി.ബി.ഐ ഡയറികുറുപ്പില്‍ ഉണ്ടാവില്ലേ എന്ന ആശങ്കയിലാണ് ആരാധകലോകം. ഹാരിസാണ് പുതിയ സി.ബി.ഐയിലെ കേന്ദ്രകഥാപാത്രം.

 


സംശയം സംവിധായകന്‍ കെ. മധുവിനോട് തന്നെ ചോദിച്ചു. ‘അതൊരു സസ്‌പെന്‍സാണ്. സേതുരാമയ്യര്‍ അതേപടി ഉണ്ടാകുമോ എന്നു പറയുന്നില്ല. എന്നാല്‍ സേതുവിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടാകും’ കെ.മധു പറഞ്ഞു.

പുതിയ സി.ബി.ഐയില്‍ മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടില്ല. മമ്മൂട്ടി അഭിനയിക്കില്ല എന്നു തന്നെ കരുതാം. എന്നാല്‍ സേതുരാമയ്യരുടെ സാന്നിധ്യമുണ്ടാകുമെന്ന് കെ. മധു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്? സേതുരാമയ്യരുടെ ക്ലിപ്പിങ്ങുകള്‍ കാണിക്കും എന്നല്ലേ.

‘സേതുരാമയ്യരുടെ ഒരന്വേഷണ രീതിയില്‍ നിന്നും സി.ബി.ഐ വളരെയേറെ മാറി കഴിഞ്ഞു. ആധുനിക സങ്കേതങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. സിനിമയിലും ചില പുതിയ നമ്പരുകള്‍ പ്രതീക്ഷിക്കാം’. തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറഞ്ഞു.

സുരേഷ്‌ഗോപി വലിയ പ്രതീക്ഷയിലാണ്. മികച്ച ബ്രാന്റ് നെയിമുള്ള ചിത്രം തനിക്ക് ബ്രേക്കാവുമെന്നുതന്നെയാണ് സുരേഷ്‌ഗോപിയുടെ പ്രതീക്ഷ.

‘സ്വാഭാവികമായും ഇത്തരമൊരു സിനിമ എല്ലാവരും കാത്തിരിക്കുന്നുണ്ട്. പുതിയ സിനിമയിലെ ഹാരിസ് പഴയ ഹാരിസല്ല. എല്ലാറ്റിലും പുതുമ പ്രതീക്ഷിക്കാം’. സുരേഷ്‌ഗോപി പറഞ്ഞു.

You must be logged in to post a comment Login