സേവനങ്ങള്‍ക്കു ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം: റിസര്‍വ് ബാങ്ക്


ന്യൂഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്കു സ്വന്തം നിലയില്‍ അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്കു നല്‍കി 2015 ല്‍ ആര്‍ബിഐ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്വന്തം നിലയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കാനുള്ള അവകാശത്തില്‍ നിന്നു റൂറല്‍ ഗ്രാമീണ്‍ ബാങ്കുകളെ (ആര്‍ആര്‍ബി) ഒഴിവാക്കിയിട്ടുണ്ട്.

സര്‍വീസ് ചാര്‍ജുകള്‍ ഏതളവില്‍ വേണമെന്നു തീരുമാനിക്കേണ്ടത് ബാങ്കുകളുടെ ഭരണസമിതിയാണ്. എന്നാല്‍, സര്‍വീസ് ചാര്‍ജുകള്‍ സംബന്ധിച്ച വിവരം കൃത്യമായി ഉപയോക്താക്കളെ അറിയിച്ചിരിക്കണം. ചെക്കു മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചെറിയ തുകകളുടെ ഇടപാടുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും ആര്‍ബിഐ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

എടിഎം ഇടപാടുകളില്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി ആര്‍ബിഐ ഗവര്‍ണര്‍ക്ക് അയച്ച കത്തിന്റെ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. നോട്ടു പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ എടിഎം ഇടപാടുകള്‍ക്കു നിയന്ത്രണമുണ്ടെന്നും ഓരോ പ്രാവശ്യവും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും ഗവര്‍ണര്‍ക്കയച്ച കത്തില്‍ പുതുശേരി പറയുന്നു. പണം പിന്‍വലിക്കുന്നതു മാത്രമല്ല, മിനി സ്റ്റേറ്റ്‌മെന്റ്, ബാക്കിതുക സംബന്ധിച്ച വിവരം എന്നിവയ്ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login