സൈഡ് ചേര്‍ന്നു സംസാരിക്കാന്‍ ഇത് ബ്രസീല്‍ അര്‍ജന്റീന മാച്ചല്ല; നടനൊപ്പമോ നടിക്കൊപ്പമോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാമേഖല തന്നെ രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ മുരളി ഗോപി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.

‘ഞാന്‍ ന്യായത്തിനൊപ്പം മാത്രമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസാണ് ഇത്. ബ്രസീല്‍ അര്‍ജന്റീന മാച്ചല്ല സൈഡ് ചേര്‍ന്നു സംസാരിക്കാന്‍. ഇവിടെ നടന്നത് അതിദാരുണമായ ഒരു കുറ്റകൃത്യമാണ്. സത്യം അറിയുന്നവരെ കാത്ത് നില്‍ക്കുക എന്നത് മാത്രമാണ് വഴി. അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്നു കൂവാനും ഞാനില്ല’ മുരളി ഗോപി പറഞ്ഞു.

സിനിമയിലെ താരാരാധനയെ ഒരു പരിധിവരെ ന്യായീകരിക്കാമെങ്കിലും രാഷ്ട്രീയത്തിലെ താരാരാധന ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും മുരളി ഗോപി പറഞ്ഞു.

‘താരാരാധന ഇരുതല മൂര്‍ച്ചയുള്ള ഒരു വാളുപോലെയാണ്. ഒരു ഭാഗത്ത് സിനിമ എന്ന വ്യവസായത്തെ നിലനിര്‍ത്തിപ്പോരുന്ന വലിയ ശക്തിയാണ്. എന്നിരിക്കെ ദൂഷ്യവശങ്ങളും ഉണ്ട്. പണ്ടൊക്കെ എതിര്‍വശത്ത് നില്‍ക്കുന്ന താരത്തിന്റെ പോസ്റ്റര്‍ കീറുന്നതായിരുന്നു ആരാധന എങ്കില്‍ ഇന്നതിന് ഒരു അസുരമുഖം കൈവന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ അത് നിഴലിച്ചു കാണുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്.

എന്നിരുന്നാലും സിനിമയില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകുന്നത് ന്യായീകരിക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍ അതുണ്ടാകുന്നത് ആത്മഹത്യപരമാണ്’ മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login