സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ കണ്ണന്താനത്തിന്റെ സെല്‍ഫി; വിമര്‍ശനം കനത്തതോടെ കേന്ദ്രമന്ത്രി പോസ്റ്റ് പിന്‍വലിച്ചു

വയനാട്: കശ്മീരിലെ പുല്‍വാലയില്‍ ഉണ്ടായ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ശേഷം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്കെതിരെ പ്രതിഷേധം. ഭൗതിക ശരീരത്തിനൊപ്പമുള്ള കണ്ണന്താനത്തിന്റെ സെല്‍ഫി മാതൃകയിലുള്ള ഫോട്ടോയാണ് പ്രതിഷേധത്തിനിടയാക്കിയത്.

ഫോട്ടോയ്‌ക്കൊപ്പം ‘കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്കിവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്’ എന്ന കുറിപ്പും ഉണ്ട്. പോസ്റ്റ് ഇട്ട് നിമിഷ നേരങ്ങള്‍ക്കകം കണ്ണന്താനത്തിനെ വിമര്‍ശിച്ചു കൊണ്ട് കമന്റുകള്‍ എത്തി.

‘തന്നെയൊക്കെ ആരാണ് ഐ.എ.എസില്‍ എടുത്ത’ തെന്നും ‘കണ്ണന്താനം മണ്ടനായി അഭിനയിക്കുന്നതാണോ അതോ ശരിക്കു മണ്ടനാണോ’ തുടങ്ങി തെറി അഭിഷേകമായിരുന്നു പേസ്റ്റിന് താഴെ. ഒപ്പം ‘കക്കൂസ് പണി കഴിഞ്ഞെങ്കില്‍ പ്രതിരോധത്തില്‍ ശ്രദ്ധിക്കാനും സമയം കണ്ടെത്തണം’ എന്നുള്ള കമന്റുകളും വന്നു. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കകം പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ‘വെയര്‍ ഈസ് സെല്‍ഫി ക്യാമ്പെ’യിനും തുടങ്ങി. വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരില്‍ ഏറ്റു വാങ്ങിയതിനു ശേഷവും ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു കണ്ണന്താനം.

പ്രളയ കാലത്ത് ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ താന്‍ രാത്രി ഉറങ്ങുന്ന ചിത്രം കണ്ണന്താനം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തന്റെ സഹായിയാണ് അത് ചെയ്തത് എന്നായിരുന്നു ‘ട്രോള്‍ വര്‍ഷം’ ഏറിയപ്പോള്‍ മന്ത്രിയുടെ അന്നത്തെ മറുപടി.

You must be logged in to post a comment Login