സൈറയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ തല്ലിയൊടിച്ചേനെ; ഒരിക്കലും ക്ഷമിക്കാനാവാത്ത തെറ്റാണ് ഇത്; രൂക്ഷമായി പ്രതികരിച്ച് കങ്കണ

വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിന് നേരെ ഉണ്ടായ ദുരനുഭവത്തില്‍ പ്രതികരണവുമായി കങ്കണ രംഗത്ത്. സൈറയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ ഞാന്‍ തല്ലിയൊടിച്ചേനെ എന്നായിരുന്നു കങ്കണ പറഞ്ഞത്. മുംബൈയില്‍ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കങ്കണ ഇത്തരത്തില്‍ പ്രതികരിച്ചത്.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് സൈറയോട് ഒരാള്‍ ലൈംഗീകാതിക്രമം കാണിച്ചത്. എയര്‍ വിസ്താര വിമാനത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ നടി തന്നെയാണ് വെളിപ്പെടുത്തിയത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നായിരുന്നു ആരോപണം.

ഇതിനെതിരെ നിരവിധി പേരാണ് സൈറയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനിടെ പീഡനത്തിന് ശ്രമിച്ചയാളുടെ ഭാര്യ അയാള്‍ക്കനുകൂലമായി രംഗത്ത് വന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കങ്കണ പറയുന്നത് :

‘വിമാന യാത്രയ്ക്കിടെ സൈറയ്ക്കുണ്ടായ അനുഭവം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. സൈറയ്ക്കുണ്ടായ അനുഭവം എത്രത്തോളം മോശമാണെന്ന് എനിക്കറിയില്ല. സൈറയുടെ പിറകിലിരുന്നയാള്‍ സീറ്റിനടിയിലൂടെ കാല്‍ നീട്ടി അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി പലരും സമ്മതിക്കുന്നുണ്ട്.

ചിലര്‍ പറയുന്നത് അയാള്‍ കാലുകള്‍ നീട്ടിവച്ച് വിശ്രമിക്കുകയായിരുന്നെന്നാണ്. അയാള്‍ ചെയ്തത് വളരെ തെറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് ക്ഷമിക്കാനാവാത്ത തെറ്റാണ്. സൈറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അയാളുടെ കാലുകള്‍ തല്ലിയൊടിച്ചേനെ.’

You must be logged in to post a comment Login