സൈലന്‍സറുകള്‍ മാറ്റി ഇനി വണ്ടി ഓടിക്കാനുള്ള മോഹം മറന്നേക്കൂ: കര്‍ശന നടപടിയുമായി മോട്ടോര്‍ വകുപ്പ്

കണ്ണൂര്‍: സൈലന്‍സറുകള്‍ മാറ്റി ഇടിവെട്ട് ശബ്ദമുണ്ടാക്കി നിരത്ത് കൈയടക്കാമെന്ന മോഹം ഇനി വേണ്ട. മാറ്റം വരുത്തിയ സൈലന്‍സറുള്ള ബൈക്കുകള്‍ക്കെതിരെ വീണ്ടും കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തെത്തി. ചെവിപൊട്ടിത്തെറിക്കുന്ന ശബ്ദത്തിലുള്ള എയര്‍ഹോണുകളും പിടിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മോട്ടോര്‍വാഹനവകുപ്പും ഐ.എം.എ.യും ചേര്‍ന്ന് നടപ്പാക്കിയ ‘നോ ഹോണ്‍ ഡേ’ യുടെ തുടര്‍ച്ചയാണിത്. സൈലന്‍സര്‍ മാറ്റി ശബ്ദമലിനീകരണമുണ്ടാക്കിയ 35 ബൈക്കുകള്‍ക്കെതിരെ ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയെടുത്തു. എയര്‍ഹോണുകള്‍ ഉപയോഗിച്ച 42 വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. അതിര്‍ത്തികളില്‍ പരിശോധന നടത്തി എയര്‍ഹോണുകള്‍ അഴിപ്പിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

വാഹന രജിസ്‌ട്രേഷന്‍ നിയമത്തിന് വിരുദ്ധമാണ് സൈലന്‍സര്‍ രൂപമാറ്റം. കണ്ണൂര്‍ നഗരത്തില്‍ ഒട്ടേറെ വര്‍ക്ക്‌ഷോപ്പുകളില്‍ ഇത് ചെയ്തുകൊടുക്കുന്നുണ്ട്. പിടിയിലായാല്‍ 2,000 രൂപയാണ് പിഴ. മാത്രമല്ല, സൈലന്‍സര്‍ അഴിപ്പിച്ച് നശിപ്പിക്കും. പഴയ സൈലന്‍സര്‍ ഘടിപ്പിക്കുകയും ചെയ്യും. വാഹനത്തിന്റെ ആര്‍.സി. വരെ റദ്ദാക്കാന്‍ നിയമമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം ഗതാഗതനിയമ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും വാട്‌സ് ആപ്പ് വഴി ചിത്രം സഹിതം പരാതി നല്‍കാം. 8547639013 (ആര്‍.ടി.ഒ), 9447106858 (എം.വി.ഐ) എന്നിവയാണ് വാട്‌സ്ആപ്പ് നമ്പര്‍.

You must be logged in to post a comment Login