സോണിയയുടെ ജീവിതകഥയുമായി “റെഡ് സാരി’ ഇന്ത്യയില്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സ്പാനിഷ് എഴുത്തുകാരനായ ജാവിയര്‍ മോറോ എഴുതിയ ‘ദി റെഡ് സാരി’ എന്ന പുസ്തകം രാജ്യത്തെ പുസ്തകശാലകളിലെത്തി. നാടകീയമായ രീതിയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്്് എഴുതിയ പുസ്തകം കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് പ്രസിദ്ധീകരിക്കാന്‍ സാധിക്കാതിരുന്നത്. റോളി ബുക്കിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രിയ കപൂറാണ് ‘ദി റെഡ് സാരി’ എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 455 പേജുള്ള പുസ്തകത്തിന് 395 രൂപയാണ് വില.  ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെഹ്്‌റു- ഗാന്ധി കുടുംബങ്ങളുടെ ജീവിതത്തെപ്പറ്റി ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സോണിയയുടെ കുട്ടിക്കാലം, പ്രണയം, വിവാഹം, ഇപ്പോഴുള്ള രാഷ്ട്രീയ ജീവിതം എന്നിവയെപ്പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.  2008ല്‍ സ്‌പെയിനില്‍ ‘എല്‍ സാരി റോജോ’ എന്ന പേരില്‍ ഈ പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇതിന്റെ ഉള്ളടക്കം തെറ്റായ രീതിയിലാണെന്നും അതില്‍ പകുതി മാത്രമേ സത്യമുള്ളൂവെന്നും മറ്റും ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി മോറോയ്‌ക്കെതിരെ 2010ല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 2004 മുതല്‍ കഴിഞ്ഞ വര്‍ഷം മെയ് വരെ കോണ്‍ഗ്രസ് ആയിരുന്നുഅധികാരത്തിലുണ്ടായിരുന്നത്. കോണ്‍ഗ്രസിന് അധികാരം നഷ്ടമായതോടെ പുസ്തകം ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ പ്രശ്‌നമില്ലാത്തതിനാലാണ് പുസ്തകം പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login