സോനു നിഗത്തിന്റെ വിമാനപാട്ട്; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജോധ്പൂരില്‍ നിന്നും മുംബൈയ്ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് ഗായകന്‍ സോനു നിഗത്തിന്റെ നേതൃത്വത്തില്‍ ‘ഗാനമേള’ അരങ്ങേറിയത്.

sonu-nigan-

ന്യൂഡല്‍ഹി: മുംബൈ ജോദ്പൂര്‍ വിമാനത്തില്‍ സോനു നിഗത്തിന് പാട്ടു പാടാന്‍ അവസരമൊരുക്കിയ അഞ്ച് എയര്‍ഹോസ്റ്റസുകളെ ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ പുറത്താക്കി. ജീവനക്കാര്‍ക്ക് അഭിസംബോധന നടത്താന്‍ വെച്ചിരുന്ന അനൗന്‍സ്‌മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്തതിനാണ് നടപടി. വ്യാഴാഴ്ചയാണ് സംഭവം.

ജോധ്പൂരില്‍ നിന്നും മുംബൈയ്ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് ഗായകന്‍ സോനു നിഗത്തിന്റെ നേതൃത്വത്തില്‍ ‘ഗാനമേള’ അരങ്ങേറിയത്. വിമാനത്തില്‍ സഹയാത്രികനായി സോനു നിഗത്തിനെ കണ്ട യാത്രികര്‍ ഒന്നായി സോനു നിഗത്തോട് പാട്ടു പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനോട് വിമാന ജീവനക്കാരും അനുകൂല നിലപാടെടുത്തോടെയായിരുന്നു വിമാനത്തിലെ പാട്ടുകച്ചേരി. തന്റെ രണ്ട് ഹിറ്റ് ഗാനങ്ങളാണ് സോനു ആലപിച്ചത്. വീര്‍ സാരയിലെ ദോ പല്‍, റെഫ്യൂജിയിലെ പാഞ്ചി നദിയാ എന്നീ ഗാനങ്ങളാണ് സോനു വിമാനത്തിനകത്ത് വെച്ച് പാടിയത്.

സോനു നിഗത്തിന്റെ ആലാപനത്തിനൊപ്പം വരികള്‍ ഏറ്റു പാടിയ യാത്രക്കാരും സംഭവം കെങ്കേമമാക്കി. ആവേശം മൂത്ത യാത്രക്കാരില്‍ ചിലര്‍ ‘പാട്ടുകച്ചേരി’യുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് മില്യണിലധികം ആളുകളാണ് ഇതുവരെ ഈ വിഡിയോ കണ്ടത്.

അതീവ സുരക്ഷ പാലിക്കേണ്ട വിമാന യാത്രക്കിടെ ‘പാട്ടുകച്ചേരി!’ നടത്തിയ വാര്‍ത്ത പുറത്തായതോടെ വ്യോമയാന സുരക്ഷാ സമിതിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നടപടിയുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിമാനത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാനും ഡിജിസിഎ ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെട്ടു.

മാത്രമല്ല, നിരുത്തരവാദിത്തപരമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ജെറ്റ് എയര്‍വേസ് അധികൃതര്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മാത്രമല്ല, വിമാനയാത്രയ്ക്കിടെ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

You must be logged in to post a comment Login