സോളര്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുന്നതിനു മുന്‍പ് അതിവേഗ പരിശോധന വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം വിജിലന്‍സ് കോടതി തള്ളി. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവ് വേണ്ടിവരുമെന്ന് കോടതി.

umman3 copy

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യൂതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിക്കാരന്റെ വാദം കേട്ട ഉടനെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം. വില്ലേജ് ഓഫീസറായാലും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സര്‍ക്കാര്‍ ജീവനക്കാരനാണ്. എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണാണെന്ന് ഭരണഘടനയുടെ 14ാം വകുപ്പ് വ്യക്തമാക്കുന്നു. ഇവര്‍ തുല്യനീതിക്ക് അര്‍ഹരാണ്. എന്റെ ജോലി താന്‍ നിര്‍വഹിക്കുന്നുവെന്നും ഉത്തരവ് നല്‍കിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഏപ്രില്‍ 14ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവ് വേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. സോളര്‍ ഇടപാടില്‍ സരിതയില്‍ നിന്നും മുഖ്യമന്ത്രി ഇടനിലക്കാര്‍ വഴി 1.90 കോടി രൂപയും ആര്യാടന്‍ 40 ലക്ഷം രൂപയും കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹര്‍ജി.

മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുന്നതിനു മുന്‍പ് അതിവേഗ പരിശോധന വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം വിജിലന്‍സ് കോടതി തള്ളി. എഫ്‌ഐആര്‍ ഇടണമെന്നു കോടതി ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വാദം അനുവദിച്ചില്ല. സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ കേസ് ഇവിടത്തെ വിജിലന്‍സ് കോടതിയില്‍ വരില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി നിരാകരിച്ചു.

ഇടപാടുകള്‍ കോടതിയുടെ പരിധിയില്‍പ്പെട്ട കൊച്ചിയിലും നടന്നിട്ടുണ്ടെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കെ.ബി.ഗണേഷ്‌കുമാര്‍, സരിത എസ്. നായര്‍, ജിക്കുമോന്‍, ടെനി ജോപ്പന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

You must be logged in to post a comment Login