സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് വിനയായത് നിയമോപദേശങ്ങള്‍; കടുത്ത നടപടി ശുപാര്‍ശ ചെയ്തത് എജിയും ഡിജിപിയും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന് വിനയായത് എ.ജിയുടെയും ഡിജിപിയുടെയും നിയമോപദേശങ്ങള്‍. ഉമ്മന്‍ചാണ്ടിക്കെതിരെ പീഡനക്കേസ് എടുക്കാന്‍ ശുപാര്‍ശ ചെയ്തതും ഇവരാണ്. ഇരുവരുടേയും ശുപാര്‍ശ അനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിദഗ്ധ നിയമോപദേശം ലഭിച്ചതോടെയാണ് ആദ്യം പ്രഖ്യാപിച്ച നടപടികള്‍ മരവിപ്പിച്ചത്.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ സോളാര്‍ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 25നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഒക്ടോബര്‍ 3ന് റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനോടും സര്‍ക്കാര്‍ നിയമോപദേശം തേടി. ഒക്ടോബര്‍ 10ന് ഇരുവരും മറുപടി നല്‍കി. സരിത എസ് നായരുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയതായി കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സരിതയെ ഉപയോഗിച്ച് ലൈംഗിക സംതൃപ്തി വരുത്തിയത് അഴിമതിയായി പരിഗണിച്ച് അതിനും കേസെടുക്കണമെന്നുമായിരുന്നു നിയമോപദേശത്തിന് ഇരുവരും മറുപടി നല്‍കിയത്.

ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയിക്കുന്ന പെരുമ്പാവൂരിലെയും കോന്നിയിലെയും സോളര്‍ ബന്ധമുളള കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും കേസ് എടുക്കണമെന്നും നിയമോപദേശം നല്‍കി. അഴിമതി കുറ്റം ചുമത്തി ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കണം. സോളാര്‍ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പ്രത്യേക പോലീസ് സംഘത്തിലെ എല്ലാവര്‍ക്കും എതിരെ വകുപ്പുതല നടപടി, കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് എഡിജിപി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ്, ഇതൊക്കെയും നിയമോപദേശത്തില്‍ ഉള്‍പ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ പെട്ടവര്‍ മുതല്‍ അദ്ദേഹവുമായി അടുപ്പമുള്ള പൊലീസ് സംഘടന ഭാരവാഹിക്കെതിരെ വരെ പുതിയ കേസുകള്‍ എടുത്ത് അന്വേഷിക്കണമെന്നായിരുന്നു എജിയും ഡിജിപിയും ഉപദേശിച്ചത്.

പിന്നീട് വേങ്ങര തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഇവ പ്രഖ്യാപിച്ചത്. അതേസമയം ഈ രണ്ട് നിയമോപദേശങ്ങള്‍ തമ്മില്‍ സാദൃശ്യം ഉണ്ടായിരുന്നു. ഭാഷയിലും വാചക ഘടനയിലും മാത്രമാണ് വ്യത്യാസമുള്ളത്. ശുപാര്‍ശകളെല്ലാം ഒന്നുതന്നെ. അതുകൊണ്ടു തന്നെയാകാം ഇതെല്ലാം നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാണിച്ചത്. എന്നാല്‍ ഇതില്‍ ഒരെണ്ണത്തിന് പോലും നിയമസാധുത ഇല്ലെന്ന് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധ്യപ്പെട്ടു.

ഇതോടെയാണ് സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി അരിജിത് പസായതിനോട് നിയമോപദേശം തേടിയത്. അത് ലഭിച്ചതോടെ പ്രഖ്യാപിച്ചതില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്നോട്ട് പോകേണ്ട സ്ഥിതിയുമായി. സോളര്‍ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പോലീസ് സംഘമാകട്ടെ നിയമപരമായി ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു.

You must be logged in to post a comment Login