സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ്; തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം; പ്രത്യേകസമര പരിപാടിയില്ല

തിരുവനന്തപുരം: സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനം. കെപിസിസി രാഷട്രീയകാര്യ സമിതിയിലാണ് തീരുമാനം. പ്രത്യേകസമര പരിപാടികള്‍ നടത്തില്ല. നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു. റിപ്പോർട്ട് തിടുക്കപ്പെട്ട് നിയമസഭയിൽ വയ്ക്കുന്നത് മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും ഹസൻ വിമർശിച്ചു.

കമ്മീഷൻ റിപ്പോർട്ടിന്റേതെന്ന പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സർക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളാര്‍ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ  ഹസൻ പറഞ്ഞു.

 ഉമ്മൻ ചാണ്ടിയേപ്പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവിനെ അപമാനിക്കാൻ 30ലേറെ കേസുകളിൽ പ്രതിയായ സരിതയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നത് അപമാനകരമാണെന്നും റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതിനു ശേഷം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്നും ഹസൻ പറഞ്ഞു.

You must be logged in to post a comment Login