സോഷ്യല്‍ മീഡിയയില്‍ പ്രിസ്മ ജ്വരം;ഫോട്ടോകള്‍ പിക്കാസോ പെയിന്റിംഗുപോലാക്കും; പണികിട്ടുമെന്ന ഭീതിയില്‍ ആര്‍ട്ടിസ്റ്റുകള്‍

prisma2ഫെയ്‌സ്ബുക്ക് തുറന്നാല്‍ എന്തോ പെയിന്റിംഗ് മത്സരം നടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. മിക്കവരുടെയും പ്രാഫൈല്‍ പിക്ചര്‍ പെയിന്റിംഗ് ആയി മാറിയിരിക്കുന്നു. ആപ്പിള്‍ ഐഫോണിലെ പ്രിസ്മ എന്ന ആപ്പാണ് ഫെയ്‌സ്ബുക്കിലെ ഇപ്പോഴത്തെ തരംഗം. ചിത്രങ്ങളെ പിക്കാസോ പെയിന്റിംഗ് പോലെയാക്കി മാറ്റുന്ന ഈ ആപ്പ് പ്രതിദിനം പത്ത് ലക്ഷത്തോളം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഐഫോണില്‍ മാത്രമേ പ്രിസ്മ ലഭിക്കുകയുള്ളൂ. ഈ മാസം അവസാനത്തോടെ പ്രിസ്മ വിന്‍ഡോസ് പത്തിലും ലഭ്യമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രിസ്മ ആപ്പിന്റെ പ്രവര്‍ത്തനം. യഥാര്‍ഥ ചിത്രത്തെ കൈ കൊണ്ടുവരച്ച പെയിന്റിംഗ് രൂപത്തിലേക്ക് മാറ്റുകയാണ് പ്രിസ്മ ചെയ്യുന്നത്. ഫില്‍റ്ററുകള്‍ മാത്രം ഉപയോഗിച്ച് ചിത്രങ്ങളെ മാറ്റുന്ന ആപ്പുകള്‍ ഉണ്ടെങ്കിലും പ്രിസ്മ അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് മോസ്‌കോയിലെ ആപ്പ് നിര്‍മാതാക്കള്‍ പറയുന്നു. ചിത്രത്തെ പുനഃസൃഷ്ടടിക്കുകയാണ് ആപ്പ് ചെയ്യുന്നത്.
ജൂണിലാണ് പ്രിസ്മ അവതരിപ്പിച്ചതെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയത്. ഇംപ്രഷന്‍, മൊസൈക്ക്, ഗോതിക്ക് തുടങ്ങി 33 തരം ഫില്‍റ്ററുകള്‍ പ്രിസ്മയില്‍ ഉപയോഗിക്കാനാകും. വൈകാതെ കൂടുതല്‍ ഫില്‍റ്ററുകള്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
അതേസമയം, പ്രിസ്മ തരംഗമായതിന് പിന്നാലെ ആര്‍ട്ടിസ്റ്റുകള്‍ ആപ്പിനെതിരെ രംഗത്ത് വന്നതായാണ് പുതിയ വാര്‍ത്ത. തങ്ങള്‍ മണിക്കൂറുകള്‍ എടുത്ത് കൈകൊണ്ട് വരച്ചുണ്ടാക്കുന്ന അതേ രീതിയിലുള്ള ചിത്രം മിനുട്ടുകള്‍ക്കുള്ളില്‍ പ്രിസ്മ തയ്യാറാക്കുന്നത് തങ്ങളുടെ ജോലി നഷ്ടപ്പെടുത്തുമെന്നാണ് അവരുടെ ആശങ്ക.

You must be logged in to post a comment Login