‘സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം’; നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ ഇടം പിടിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന് ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം. 2019 നവംബര്‍ ലക്കത്തിലെ നാഷണല്‍ ജ്യോഗ്രഫിക് മാസികയിലാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്ന് വിശേഷിപ്പിക്കുന്ന പ്രത്യേക ലക്കത്തിലാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ച് കന്യാസ്ത്രീകളും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് മാസികയില്‍ ഉള്ളത്.

ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഉണ്ട്. അതിങ്ങനെ – മേലധികാരികള്‍ കന്യാസ്ത്രീകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ ശാന്തരായി ഇരിക്കാനാണ്. പക്ഷേ, അവര്‍ അത് തള്ളിക്കളഞ്ഞു. തന്നെ ഒരു ബിഷപ്പ് ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന് ഒരു കന്യാസ്ത്രീ കേരളത്തിലെ സഭാ മേലധികാരികളോട് പരാതിപ്പെട്ടു. എന്നാല്‍, ഈ പരാതിയില്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിച്ചു. മാസങ്ങള്‍ക്കു ശേഷം 2018 സെപ്തംബറില്‍ ഈ കന്യാസ്ത്രീകള്‍ കേരള ഹൈക്കോടതിക്ക് മുമ്പില്‍ രണ്ട് ആഴ്ച സമരം നടത്തി. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് വാദിച്ചെങ്കിലും ബിഷപ്പ് അറസ്റ്റിലായി. ഇടത്തുനിന്ന്, സിസ്റ്റര്‍ ആല്‍ഫി, നിന റോസ്, ആന്‍സിറ്റ, അനുപമ ആന്‍ഡ് ജോസഫൈന്‍. കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കേണ്ടിയിരുന്ന സഭ എന്നാല്‍, കന്യാസ്ത്രീമാരുടെ പ്രതിമാസ അലവന്‍സ് റദ്ദാക്കുകയാണ് ചെയ്തത്.

 

You must be logged in to post a comment Login