സ്ത്രീ വിലക്ക്; അഭിഭാഷകനെ ഭീഷണിപ്പെടുത്തുന്നത് ഗൗരവകരമായ വിഷയമെന്ന് സുപ്രീംകോടതി

വേണ്ടി വന്നാല്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും കോടതി മുന്നിറയിപ്പ് നല്‍കി

sabarimala

ന്യൂഡല്‍ഹി: ശബരിമല അയ്യപ്പക്ഷേത്രത്തിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തുന്നത് ഗൗരവകരമായ കാര്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. പരാതിയില്‍നിന്ന് അഭിഭാഷകന്‍ പിന്മാറിയാലും കേസുമായി മുന്നോട്ടു പോകാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ട്. വേണ്ടി വന്നാല്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും കോടതി മുന്നിറയിപ്പ് നല്‍കി.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനത്തിന് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് വധ ഭീഷണി ഉണ്ടായത്. സോഷ്യല്‍മീഡിയയിലൂടെയും ഫോണിലൂടെയും തനിക്ക് നിരന്തരമായി ഭീഷണികള്‍ വരുന്നുണ്ടെന്ന് നൗഷാദ് ഖാന്‍ ബാര്‍ അസോസിയേഷനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്തനാണ് ഇന്ന് സുപ്രീംകോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഇതിനുള്ള പ്രതികരണായിട്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ഭരണഘടന സാധുത ഇല്ലെന്ന് കഴിഞ്ഞയാഴ്ച്ച പരാമര്‍ശം നടത്തിയ കോടതി, കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി വെച്ചിരുന്നു. എന്നാല്‍, കേസിന്റെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനുവരി 18ന് തന്നെ കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഇതിനിടെ വധഭീഷണി നല്‍കിയവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു

You must be logged in to post a comment Login