സ്ഥാനാര്‍ത്ഥി പോര്; ഗ്രൂപ്പ് വഴക്ക്; വിജയസാധ്യത കുറയുമെന്ന് നേതാക്കളും അണികളും

 


തിരുവനന്തപുരം: കേരളത്തിലും ഡല്‍ഹിയിലുമായി ദിവസങ്ങളും ആഴ്ചകളും നീണ്ട ചര്‍ച്ച, എന്നിട്ടും ഒടുവില്‍ അപൂര്‍ണമായ സ്ഥാനാര്‍ഥിപട്ടിക. കോണ്‍ഗ്രസില്‍ പട്ടിക വൈകുന്നത് പതിവാണെങ്കിലും ഇത്രത്തോളം അനശ്ചിതത്വം ഇതാദ്യമായിരിക്കും. സിറ്റിങ് സീറ്റുകളായ വടകര, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍പോലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകാത്തതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്ന് ആവര്‍ത്തിച്ചുപറഞ്ഞ നേതാക്കള്‍ അവസാനനിമിഷം ഗ്രൂപ്പിന്റ പേരില്‍ തമ്മിലടിച്ചതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്.

ഇത്രത്തോളം അനിശ്ചിതത്വം നിലനിന്ന സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അടുത്തകാലത്ത് ആദ്യമായിരിക്കും. മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും സ്ഥാനാര്‍ഥികളെ പൂര്‍ണമായും പ്രഖ്യാപിക്കാനാകാത്തത് നേതൃത്വത്തിന്റ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥി ചര്‍ച്ച ഗ്രൂപ്പ് പോരില്‍ വരെയെത്തിച്ചതിലും അണികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കം സിറ്റിങ് സീറ്റുകളില്‍പോലും യു.ഡി.എഫിന്റെ വിജയസാധ്യത കുറച്ചെന്നാണ് മിക്ക നേതാക്കളുടേയും അണികളുടേയും അഭിപ്രായം. ഈ വീഴ്ച പ്രചാരണ രംഗത്ത് പരിഹരിക്കാനായില്ലെങ്കില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും.

അടൂര്‍പ്രകാശ് മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ആറ്റിങ്ങലില്‍ പോലും അവസാനനിമിഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മാറ്റിവയ്‌ക്കേണ്ടിവന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ള പ്രധാനനേതാക്കള്‍ മല്‍സരിക്കുന്നതിലുണ്ടായ ആശയക്കുഴപ്പവും സ്ഥാനാര്‍ഥിപട്ടികയെ ബാധിച്ചു. മറുവശത്താകട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അവരുടെ ആദ്യഘട്ടപ്രചാരണം പൂര്‍ത്തിയാക്കാറായി.

You must be logged in to post a comment Login