സ്ഥാനാർഥിപട്ടിക സ്വാഗതാർഹമെന്ന് പി. എസ് ശ്രീധരൻ പിള്ള

 

കൊച്ചി: ബിജെപി സ്ഥാനാർഥി പട്ടികയെ സ്വാഗതം ചെയ്യുന്നുവെന്ന് നേതാക്കൾ. ആദ്യ പട്ടിക സ്വാഗതാർഹമാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള വിലയിരുത്തി. കെ.സുരേന്ദ്രൻ, പി.എസ് ശ്രീധരൻ പിള്ള, എം.ടി രമേശ്, അൽഫോൺസ് കണ്ണന്താനം എന്നിവർ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള താല്പര്യം അറിയിച്ചിരുന്നു.

പത്തനംതിട്ട സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. താൻ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പത്തനംതിട്ട സ്ഥാനാർഥിയെ എന്ത് കൊണ്ടാണ് പ്രഖ്യാപിക്കാത്തത് എന്ന് അറിയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മണ്ഡലം കൂടിയാണ് പത്തനംതിട്ട.

നാളെ പത്തനംതിട്ടയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാനാധ്യക്ഷൻ ശ്രീധരൻ പിള്ളയോ കെ സുരേന്ദ്രനോ പത്തനംതിട്ടയിൽ സ്ഥാനാർഥിയായേക്കും. രണ്ടു പേരിൽ ആര് വേണം സ്ഥാനാർഥിയാകാൻ എന്ന തർക്കം കേന്ദ്രനേതൃത്വത്തിന് മുന്നിലും തുടരുന്നതായാണ് സൂചന. പത്തനംതിട്ട സ്ഥാനാർഥി നിർണയം എപ്പോൾ ഉണ്ടാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജെ.പി നദ്ദ കൃത്യമായ മറുപടി നൽകിയില്ല.

You must be logged in to post a comment Login