‘സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചു’ : കേസ് ഡയറിയിലെ വിശദാംശങ്ങൾ

റോയ് തോമസ് കൊലപാതക കേസിൽ കേസ് ഡയറിയിലെ വിശദാംശങ്ങൾ പുറത്ത്. കൂടത്തായി കൂട്ടക്കൊല കേസിൽപ്പെട്ടതാണ് റോയ് തോമസിന്റെ കൊലപാതകവും. പ്രതി ജോളിയുടെ ആദ്യ ഭർത്താവാണ് റോയ് തോമസ്.

റോയിയുടെ അമിത മദ്യപാനം റോയ്-ജോളി ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. റോയിയുടെ മദ്യപാനത്തെ ജോളി ചോദ്യം ചെയ്തിരുന്നു.
സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോളിയുടെ പരപുരുഷബന്ധത്തെ റോയി എതിർത്തിരുന്നു. ഒടുവിൽ റോയിയെ ഒഴിവാക്കാൻ ജോളി തീരുമാനിക്കുകയായിരുന്നു.

സയനൈഡ് ഭക്ഷണത്തിൽ ചേർത്താണ് റോയിയെ ജോളി കൊലപ്പെടുത്തിയത്. റോയി മരിച്ച ദിവസം മതുൽ തന്നെ വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ ജോളി ശ്രമിച്ചിരുന്നു. എൻഐടിയിൽ ജോലി ഉണ്ടെന്ന് ജോളി നുണ പറഞ്ഞുവെന്നും കേസ് ഡയറിയിൽ പറയുന്നു. മറ്റ് മരണങ്ങളിലും ജോളിക്ക് പങ്കുണ്ടാകാമെന്ന് കേസ് ഡയറിയിൽ പറയുന്നു.

കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജോളി, പ്രജുകുമാർ, മാത്യു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 16 വരെയാണ് പൊലീസ് കസ്റ്റഡി. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ആറ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽവയ്ക്കാൻ കോടതി അനുവാദം നൽകിയത്.

ഇന്ന് രാവിലെയാണ് ജോളി, പ്രജി കുമാർ, മാത്യു എന്നീ മൂന്ന് പ്രതികളെയും കോടതിയിൽ എത്തിച്ചത്. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഒത്തുകൂടിയത്. ജോളിയെ ഒന്നാം നമ്പർ ഗേറ്റിലൂടെയും, പ്രജുകുമാറിനെ രണ്ടാം നമ്പർ ഗേറ്റിലൂടെയുമാണ് കോടതിയിലേക്ക് കയറ്റിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് ഇവരെ കോടതിയിൽ കൊണ്ടുവന്നത്. പ്രതികളെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് ചുറ്റും ജനം തടിച്ചുകൂടുകയും പ്രതികളെ കൂട്ടി വിളിക്കുകയും ചെയ്തു.

You must be logged in to post a comment Login