സ്പാര്‍ട്ടക്കസ് മഹാനായ അടിമ


ബി. ജോസുകുട്ടി

സ്പാര്‍ട്ടക്കസിന്റെ ജീവിതവും പോരാട്ടവും പ്രമേയമാക്കി സിനിമകളും ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്ക് ‘സ്പാര്‍ട്ടക്കസ് ‘ എന്ന ബ്രഹ്മാണ്ഢ സിനിമ സംവിധാനം ചെയ്തിരുന്നു. 1960ല്‍ പുറത്തുവന്ന ഈ ചിത്രം ആറുവര്‍ഷമെടുത്താണ് നിര്‍മ്മിച്ചത്. പ്രശസ്ത നടന്‍ കിര്‍ക്ക് ഡഗ്ലസ് ആണ് കേന്ദ്രകഥാപാത്രമായ സ്പാര്‍ട്ടക്കസിനെ അവതരിപ്പിച്ചത്. 1980കളില്‍, കേരളത്തിലെ പ്രമുഖ നാടകക്കാരനായിരുന്ന പി.എം. ആന്റണിയുടെ സംവിധാനത്തില്‍ കേരളത്തിലെമ്പാടും ‘സ്പാര്‍ട്ടക്കസ് ‘ നാടകാവിഷ്‌കാരവും ശ്രദ്ധേയമായിരുന്നു.

 

അടിമകളുടെ സ്വാതന്ത്യത്തിനുവേണ്ടി ഉടമകളോടു പൊരുതിയ ‘യോദ്ധാവായ അടിമ’ എന്നു സ്പാര്‍ട്ടിക്കസിനെ വിശേഷിപ്പിച്ചത് മഹാനായ ലെനിന്‍ ആണ്. ക്രിസ്തുവിനു മുമ്പ് (109-71) പുരാതന റോമില്‍ ജീവിച്ചിരുന്ന ഒരു അടിമയും മല്ലയുദ്ധകാരനും ആയിരുന്നു സ്പാര്‍ട്ടക്‌സ്. അക്കാലത്ത് അടമികള്‍ തമ്മിലോ, അടിമയും മൃഗവും തമ്മിലായിരുന്നു പോരാട്ടം. രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റ് അധികാര പ്രമുഖരും അത് കണ്ട് രസിക്കും. അവര്‍ക്കത് വിനോദമായിരുന്നു.
രാജാവിന്റെ വകയായുള്ള പരിശീലനക്കളരിയില്‍ ലെന്റുലസ് ബറ്റിയാറ്റസ് എന്ന പരിശീലകനാണ് സ്പാര്‍ട്ടക്കസിനെ മല്ലയുദ്ധമുറകള്‍ പരിശീലിപ്പിച്ചത്. കൊട്ടാരത്തിലെ ഔദ്യോഗിക പരിശീലനക്കാരനായിരുന്നു ലെന്റുലസ്. രാജാവിന്റെ വെപ്പാട്ടികളിലൊരാള്‍ക്കു പിറന്ന സ്പാര്‍ട്ടക്കസിനെ രാജാവ് വളരെ ചെറുപ്പത്തിലെ പരിശീലനകനു കൈമാറുകയായിരുന്നു. പിന്നീട് മാതാവിനെ നിര്‍ഭയം വധിക്കുകയും ചെയ്തു. മികച്ച പരിശീലനം വഴി സ്പാര്‍ട്ടക്കസ് അസാമാന്യകരുത്തുള്ള മല്ലയുദ്ധാവായി മാറി. നൂറുകണക്കിനു അടിമകളെയും വന്യമൃഗങ്ങളേയും സ്പാര്‍ട്ടക്കസ് കീഴ്‌പ്പെടുത്തി വധിച്ചുകൊണ്ടിരുന്നു. വധിക്കുകയോ വധിക്കപ്പെടുകയോ ആണ് തങ്ങളുടെ നിയോഗമെന്നു കരുതിയ സ്പാര്‍ട്ടക്കസ് ഒരു രാത്രിയില്‍ മറ്റു അടിമകളോടൊപ്പം തടവറയില്‍ നിന്നും രക്ഷപ്പെട്ടോടി. കുറെ ആയുധങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കൂടെ കരുതിയിരുന്നു. അവര്‍ എത്തിയത് ഇന്നത്തെ നേപ്പിള്‍സ് പട്ടണത്തിനു സമീപത്തുള്ള വെസൂവിയസ് പര്‍വ്വതത്തിന്റെ വിജനമായ താഴ്‌വാരത്തിലായിരുന്നു. അടിമകള്‍ ഒറ്റക്കെട്ടായി നിന്നാലേ അവര്‍ക്കു രക്ഷയുള്ളൂ എന്നു സ്പാര്‍ട്ടക്കസ് മനസ്സിലാക്കി. അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റ് നാട്ടിന്‍പുറത്തെ അടിമകളും അവര്‍ക്കൊപ്പം ചേര്‍ന്നു. ഇറ്റലിയിലെ മുഴുവന്‍ അടിമകളോടും തന്റെ കൂടെ നില്‍ക്കാന്‍ സ്പാര്‍ട്ടക്കസ് ആഹ്വാനം ചെയ്തു. അങ്ങനെ അനുയായികളുടെ എണ്ണം വര്‍ധിച്ചു. ഇത് റോമന്‍ സാമ്രാജ്യത്വത്തിനെതിരെ അടമികള്‍ നടത്തിയ അടിമയുദ്ധത്തിനു കളമൊരുക്കി.
റോമില്‍ ഉന്നതരായ പൗരന്മാരേക്കാള്‍ സംഖ്യാബലം അടിമകള്‍ക്കായിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങളാല്‍ അടിമലഹളയ്‌ക്കെതിരെ നീങ്ങുന്നതില്‍ റോമന്‍ സൈന്യം വൈകി. യുദ്ധപരിചയമുള്ള സേനാവ്യൂഹങ്ങളുടെ അഭാവത്തില്‍ റോമന്‍ പടയുടെ മുഖ്യസേനാധിപനായ ക്ലാഡിയസ് ഗാബറുടെ നേതൃത്വത്തില്‍ മുവായിരത്തോളം വരുന്ന ഒരു സൈന്യത്തെ റോം അടിമകള്‍ക്കെതിരെ നിയോഗിച്ചു. അവര്‍ താഴ്‌വരയിലെ അടിമകളുടെ രക്ഷാമാര്‍ഗങ്ങള്‍ ബന്ധിച്ചു. എന്നാല്‍ കാട്ടുവള്ളികള്‍ കൊണ്ടുള്ള വടങ്ങള്‍ കരുതിയിരുന്ന സ്പാര്‍ട്ടക്കസും കൂട്ടരും താഴ്‌വരയുടെ മറുഭാഗത്തുകൂടി താഴെ ഇറങ്ങി റോമന്‍ പടയുടെ പിന്‍ഭാഗത്ത് മിന്നലാക്രമണം നടത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ റോമന്‍ പട പതറി. പടയാളികള്‍ പലരും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് കൂടുതല്‍ അടിമകള്‍ സ്പാര്‍ട്ടക്കസിന്റെ അനുയായികളായി. ആ പോരാട്ടവിജയത്തിനു ശേഷം ഇറ്റലിയില്‍ നിന്നു മുന്നേറി ഇന്നത്തെ ബെല്‍ജിയവും സ്വിറ്റസര്‍ലാന്റും ഫ്രാന്‍സും ഉള്‍പ്പെടുന്ന സ്‌പെയിനിലേക്കു പോകാനാണ് സ്പാര്‍ട്ടക്കസ് ലക്ഷ്യമിട്ടതെന്നു കരുതപ്പെടുന്നു. സ്പനെയിനില്‍ റോമന്‍ സൈന്യത്തിനെതിരെ കലാപമുയര്‍ത്തിയിരുന്ന ക്വിന്റിയസ് സെര്‍ട്ടോറിയസിനോട് ചേരാന്‍ അദ്ദേഹം ലക്ഷ്യമിട്ടിരിക്കണം. സെര്‍ട്ടോറിയസ് കലാപകാരികളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നതിന് തെളിവുകളുണ്ട്. എന്നാല്‍ അനുചരരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇറ്റലിയില്‍ തങ്ങുവാനുള്ള തീരുമാനം കലാപകാരികളുടെ തീരുമാനം ഒരു വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ആല്‍പ്‌സ് പര്‍വ്വതനിര കടക്കാന്‍ കഴിഞ്ഞ അടിമകളില്‍ ചിലര്‍ക്ക് തങ്ങളുടെ ജന്മനാടുകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതായി പറയപ്പെടുന്നു.
ഇറ്റലിയിലുള്ള അടമികള്‍ ഭൂരിഭാഗവും കലാപത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. രാജ്യത്തുതന്നെ ഒരാള്‍ക്കും തന്റെ തന്നെ ഭവനത്തില്‍ കലാപക്കൊടി ഉയരുക എന്നാണെന്നു നിശ്ചയമില്ലായിരുന്നു. അടിമകളുടെ അധ്വാനം നല്‍കിയ സുഖഭോഗങ്ങള്‍ നഷ്ടമാകുമെന്നു ഭയന്നു. കോടീശ്വരന്മാരായ പ്രഭുക്കന്മാരും സെനറ്റര്‍മാരും നല്ല സേനാനായകന്മാര്‍ക്കുവേണ്ടി മുറവിളി കൂട്ടിത്തുടങ്ങി. എന്നാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ അവര്‍ ഒരു രാജതന്ത്രം പുറത്തെടുത്തു. കൊട്ടാരത്തില്‍ സ്പാര്‍ട്ടക്കസിനെ വിളിച്ചുവരുത്തി അനുരഞ്ജനത്തിനു തയ്യാറായി. വ്യവസ്ഥ ഇങ്ങനെ യായിരുന്നു. സ്പാര്‍ട്ടക്കസിനു കൊട്ടാരമുള്‍പ്പെടെ എല്ലാ സുഖസൗകര്യങ്ങളും നല്‍കാം. അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യാം. അനുയായികളായ അടിമകളെ തിരിച്ചേല്‍പ്പിക്കണം. പക്ഷേ സ്പാര്‍ട്ടക്കസ് ഒരു തരിമ്പും വഴങ്ങിക്കൊടുത്തില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളായി മാറി. അവസാനം കോടീശ്വരനായ ലൂസിയസ്‌ക്രാസ്സസിനെ സെനറ്റ് സര്‍വ്വ സൈന്യാധിപനായി വാഴിച്ചു. ലൂസിയസ് സേനാവ്യൂഹം ശക്തിപ്പെടുത്തി. സ്പാര്‍ട്ടക്കസ് പിസീനത്തിലൂടെ കടന്നുപോകുകയാണെന്നുള്ള വാര്‍ത്തയറിഞ്ഞ ലൂസ്സിയസ് തന്റെ സഹായിയായ മമ്മിയസ്സിനെ രണ്ടു വ്യൂഹങ്ങളുമായി സ്പാര്‍ട്ടക്കസിനു പിന്നിലെത്താനും നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചയച്ചു. എന്നാല്‍ സ്പാര്‍ട്ടക്കസിനെ അപ്രതീക്ഷിതമായി നേരിടാമെന്ന ധാരണയില്‍ മമ്മിയസ് ആക്രമിച്ചു. തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ റോമന്‍ സേന ചിതറിപ്പോയി. അവശേഷിച്ച സൈന്യത്തെ വീണ്ടും ആയുധം ധരിപ്പിച്ചു. ഒടുവില്‍ ആറു വ്യൂഹങ്ങളായി പടയ്ക്ക് നേതൃത്വം കൊടുത്ത ലൂസിയാസ് സ്പാര്‍ട്ടക്കസിനെ പിന്തുടര്‍ന്ന് തെക്കോട്ടോടിച്ചു. ക്രിസ്തുവിന് മുമ്പ് 72 ആയപ്പോള്‍ സ്പാര്‍ട്ടക്കസ് മെസ്സിനാ ഉള്‍ക്കടലിനു സമീപം കുടുങ്ങി. എന്നാല്‍ അടിമകള്‍ വീണ്ടും സ്വതന്ത്രരായതോടെ റോം വീണ്ടും അങ്കലാപ്പിലായി.
റോമന്‍ വ്യൂഹങ്ങളില്‍ പലതിനെയും സ്പാര്‍ട്ടക്കസ് തോല്‍പിച്ചു. ലുക്കാനിയായില്‍ സിലാരസ് നദിക്കരയില്‍ വെച്ച് സ്പാര്‍ട്ടക്കസ് ലൂസിയസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് കലാപകാരികള്‍ പരാജയപ്പെടുകയും രക്ഷപ്പെട്ടവര്‍ പാലായനം ചെയ്യുകയും ചെയ്തു. ഈ തോല്‍വിയില്‍ സ്പാര്‍ട്ടക്കസ് വധിക്കപ്പെട്ടതായി വിശ്വസിക്കുന്നു.
ഒടുവില്‍ കൂട്ടാളികളെല്ലാം ഓടിപ്പോയതിന് ശേഷവും ശത്രുക്കളുടെ നടുവില്‍ നിന്നു മുറിവേറ്റു വീഴുന്നതുവരെ സ്പാര്‍ട്ടക്കസ് ഒറ്റയ്ക്ക് പൊരുതിനിന്നു എന്നു പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അവസാന പോരാട്ടത്തില്‍ രണ്ടു റോമന്‍ സൈന്യാധിപന്മാരെ ഈ വീരയോദ്ധാവ് വധിച്ചു. തുടയില്‍ കുന്തമുനയേറ്റ് സ്പാര്‍ട്ടക്കസ് മുട്ടിലിരുന്നുപോയെങ്കിലും പരിചകൊണ്ട് അക്രമിച്ചവരോട് ചെറുത്തുനിന്നുവെന്നും പ്രസിദ്ധഗ്രീക്ക് റോമന്‍ ചരിത്രകാരനായ അപ്പിയന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ക്രൂരമായി മുറിവേല്പിക്കപ്പെട്ട സ്പാര്‍ട്ടക്കസിന്റെ മൃതശരീരം കണ്ടുകിട്ടിയിട്ടില്ല.

സ്പാര്‍ട്ടക്കസിന്റെ ജീവിതവും പോരാട്ടവും പ്രമേയമാക്കി സിനിമകളും ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്ക് ‘സ്പാര്‍ട്ടക്കസ് ‘ എന്ന ബ്രഹ്മാണ്ഢ സിനിമ സംവിധാനം ചെയ്തിരുന്നു. 1960ല്‍ പുറത്തുവന്ന ഈ ചിത്രം ആറുവര്‍ഷമെടുത്താണ് നിര്‍മ്മിച്ചത്. പ്രശസ്ത നടന്‍ കിര്‍ക്ക് ഡഗ്ലസ് ആണ് കേന്ദ്രകഥാപാത്രമായ സ്പാര്‍ട്ടക്കസിനെ അവതരിപ്പിച്ചത്. 1980കളില്‍, കേരളത്തിലെ പ്രമുഖ നാടകക്കാരനായിരുന്ന പി.എം. ആന്റണിയുടെ സംവിധാനത്തില്‍ കേരളത്തിലെമ്പാടും ‘സ്പാര്‍ട്ടക്കസ് ‘ നാടകാവിഷ്‌കാരവും ശ്രദ്ധേയമായിരുന്നു.
പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റായിരുന്ന ഹവാഡ് ഫാസ്റ്റ് സ്പാര്‍ട്ടക്കസിന്റെ ചരിത്രം നോവല്‍ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്പാര്‍ട്ടക്കസ് എന്ന മഹാനായ അടിമയെ ലോകം ഇന്നും സ്മരിക്കുന്നു എന്നതാണ് വസ്തുത.

You must be logged in to post a comment Login