സ്പാ, സ്വിമ്മിംഗ് പൂള്‍…ഇനി ടെന്‍ഷന്‍ വേണ്ട ; പിങ്ക് സിറ്റിയില്‍ നായകള്‍ക്ക് എസി ഹോട്ടല്‍

Untitled-8 copy
ജയ്പൂരിലെ നായകളുടെ ഹോട്ടലിന്റെ ഉള്‍വശം

ജയ്പൂര്‍: എല്ലാ നായ്ക്കള്‍ക്കും ഒരു ദിവസമുണ്ടെന്ന് പറയാറുണ്ട്. ഇതാ നായകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 20 നായക്കൂടുകളുള്ള ഈ ഹോട്ടലില്‍ നായ്ക്കള്‍ക്ക് വേണ്ടി സ്പായും അവര്‍ക്ക് നീന്തിക്കളിക്കാന്‍ സ്വിമ്മിങ് പൂളുമുണ്ട്. നമ്മളുടെ കുഞ്ഞുങ്ങള്‍ക്ക് എല്ലാ സുഖ സൗഭാഗ്യങ്ങളും സന്തോഷവും നല്‍കുന്നത് പോലെ നായകള്‍ക്കും സന്തോഷം ലഭിക്കുന്നതിനും അവര്‍ക്ക് പരിഗണന ലഭിക്കുന്നതിനുമാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടതെന്നാണ് ഇന്റര്‍നാഷണല്‍ ഡോഗ് ബാസാര്‍(ഐ.ഡി.ബി) ഡയറക്ടര്‍ വിരെന്‍ ശര്‍മ്മ അറിയിച്ചത്. ഇതോടൊപ്പം നായയുടെ ഉടമസ്ഥന് ദൂരയാത്ര ചെയ്യേണ്ടി വരുന്ന അവസരത്തില്‍ നായകളെ ടെന്‍ഷനില്ലാതെ ഇവിടെ കൊണ്ടുവിട്ടിട്ട് പോകാമെന്നും ഇവിടെ മികച്ച സേവനമായിരിക്കും നായയ്ക്ക് ലഭ്യമാക്കുക എന്നും ശര്‍മ്മ അറിയിച്ചു.
ആരംഭഘട്ടത്തില്‍ 20 എ.സി കൂടുകളാണ് നിര്‍മിച്ചിരിക്കുന്നത്. കൂടുതല്‍ മുറികളും സൗകര്യങ്ങളും ഒരുക്കാനായി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മുറികളും 24 സ്‌ക്വയര്‍ ഫീറ്റ് നീളമുള്ളതാണ്. അതിനാല്‍ നായകള്‍ക്ക് കൂടിനുള്ളില്‍ നടക്കാനും ഉറങ്ങാനുമെല്ലാം ആവശ്യത്തിന് സ്ഥലം ഉണ്ടാകും. ഒരു ദിവസത്തേക്ക് 599 രൂപയാണ് വാടക ഈടാക്കുന്നത്. ഇതില്‍ പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം, അത്താഴം എന്നിവയും ഒരു സൗജന്യ സ്പാ സെഷനും ഉണ്ടാകും. കൂടുതല്‍ ദിവസങ്ങളില്‍ അതിഥിയായി താമസിക്കാനെത്തുന്നവര്‍ക്ക് വാടകയില്‍ ഇളവുണ്ടാകുമെന്നും ശര്‍മ അറിയിച്ചു.
നായകള്‍ക്കുള്ള അടുക്കളയില്‍ നിന്നും ഇന്ത്യന്‍, ചൈനീസ്, മെക്‌സിക്കന്‍, വെജിറ്റേറിയന്‍,നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും നായകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഡോഗ് ഡ്രിങ്കുകളും ലഭിക്കും. ഇതോടൊപ്പം പെറ്റ്ഫുഡായ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പീനട്ട് ബട്ടര്‍, ഹണി എഗ്ഗുകള്‍, ചോറ്, ചിക്കന്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം ഡോഗ് ഗ്രൂമിങ് സലൂണ്‍ സേവനവും ഇവിടെ ലഭ്യമാകും. ഇവിടെയുള്ള വിദഗ്ദ്ധന്മാരായ ഗ്രൂമര്‍മാരുടെ സഹായത്തോടെ നായകള്‍ക്ക് രാജകീയമായ സേവനങ്ങളാകും നല്‍കുക. ഇതു വരെ ആറ് അതിഥികള്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നും അതില്‍ മൂന്ന് മാസം പ്രായമുള്ള ജര്‍മ്മന്‍ ഷെപ്പേഡ് മുതല്‍ ആറ് വയസ് പ്രായമുള്ള ബെര്‍നാഡ് വരെയുണ്ടെന്ന് ശര്‍മ പറഞ്ഞു. നായകള്‍ക്ക് പുറമേ പൂച്ച, തത്ത, മീന്‍, മുയല്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും ഇവിടെ സൂക്ഷിക്കും. നായകള്‍ക്കായൊരു ബൊട്ടീക്കും, നായകളെ മാറ്റി വാങ്ങാനുള്ള ഷോറൂമും, ഒരു ട്രെയിനിംഗ് സ്‌കൂളും, പൂച്ചയേയും നായകളേയും ദത്തെടുക്കാനുള്ള സംവിധാനവും ഒരുക്കാനും ഐ.ഡി.ബി ഹോട്ടലിന് പദ്ധതിയുണ്ട്. വൈകാതെ ഒറ്റ മൗസ് ക്ലിക്കില്‍ നായകളെ ഓണ്‍ലൈനായി വാങ്ങാനും 48 മണിക്കൂറിനുള്ളില്‍ അവയെ വീട്ടിലെത്തിക്കാനുമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും പദ്ധതിയുണ്ടെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login