സ്പിന്‍ തന്ത്രങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഓസ്‌ട്രേലിയയുടെ രഹസ്യായുധം ഈ കോഴിക്കോട്ടുകാരനാണ്

 

കോഴിക്കോട്ടുകാരനാണ്. കേരളത്തിന് വേണ്ടി ഇതുവരെ കളിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന സംഘത്തില്‍ കെ.കെ.ജിയാസ് ഉണ്ടാവും. ഇന്ത്യന്‍ സംഘത്തില്‍ അല്ല. ഓസ്‌ട്രേലിയന്‍ ടീമില്‍. കോഴിക്കോട് നരിക്കുനി സ്വദേശിയാണ് ഇരുപത്തിയെട്ടുകാരനായ ജിയാസ്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്ബരയ്ക്കിടയിലും നെറ്റ്‌സില്‍ പന്തെറിയുവാന്‍ ജിയാസ് ഉണ്ട്. ലോക കപ്പില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും വരുന്ന സ്പിന്നര്‍മാരെ നേരിടുവാനാണ് ജിയാസിനെ വെച്ച് ഓസ്‌ട്രേലിയന്‍ ടീം പരിശീലിക്കുന്നത്. പരമ്ബര ജയം നിര്‍ണയിക്കുന്ന അഞ്ചാം ഏകദിനത്തിന് മുന്‍പായി ഫിറോസ് ഷാ കോട്‌ലയിലെ പരിശീലനത്തിനിടെ ജിയാസിന് തിരക്കിട്ട് പണിയായിരുന്നു.
സ്പിന്നിനെ തുണയ്ക്കുന്ന ഫിറോസ് ഷാ കോട്‌ലയില്‍ ചഹലും, കുല്‍ദീപുമായിരിക്കും ഇന്ത്യയുടെ തുറുപ്പു ചീട്ടുകള്‍ എന്നത് തന്നെ കാര്യം. ജിയാസിനൊപ്പം ബിവാനിയില്‍ നിന്നുമുള്ള ലെഗ് സ്പിന്നര്‍ പ്രദീപ് സഹുവുമുണ്ട് ഓസ്‌ട്രേലിയന്‍ ക്യാമ്ബില്‍. തുടര്‍ച്ചയായ രണ്ടര മണിക്കൂറാണ് ഓസ്‌ട്രേലിയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ഇരുവരും പന്തെറിഞ്ഞത്. വ്യത്യസ്ത ലൈനിലും ലെങ്തിലും മാറ്റം വരുത്തി എറിയുവാനാണ് ഓസീസ് കോച്ച് ലാംഗര്‍ ഇരുവരോടും നിര്‍ദേശിച്ചത്. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ചഹലും കുല്‍ദീപും സ്വീകരിക്കുന്ന തന്ത്രങ്ങള്‍ പൊളിച്ചടക്കുക തന്നെയാണ് ഓസീസിന്റെ ലക്ഷ്യം.

കേരളത്തിന്റെ മാക്‌സ്വെല്‍ എന്നാണ് ജിയാസിന്റെ വിളിപ്പേര്. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറുമായുള്ള രൂപസാദൃശ്യം തന്നെ ഇതിന് കാരണം. 2015ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ടാലന്റ് ഹണ്ടിലാണ് ജിയാസിന് നറുക്ക് വീഴുന്നത്. പക്ഷേ ഒരു മത്സരം പോലും ജിയാസിന് കളിക്കുവാനായില്ല.

You must be logged in to post a comment Login