സ്പെയിനിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത്; ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒന്നാമതെത്തി

സ്പെയിനിലെ പൊതുതെരഞ്ഞെടുപ്പിൽ 120 സീറ്റ് നേടി ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒന്നാമതെത്തി. എന്നാൽ, കേവല ഭൂരിപക്ഷമായ 176 സീറ്റ് നേടുന്നതിൽ അവർ പരാജയപ്പെട്ടതോടെ സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി. പീപ്പിൾസ് പാർട്ടി 88 സീറ്റ് നേടിയോപ്പോൾ തീവ്രവലതുപക്ഷ പാർട്ടിയായ വോക്സ് 52 സീറ്റ് നേടി വൻമുന്നേറ്റം നടത്തി.

നാലുവർഷത്തിനിടെ നടക്കുന്ന നാലാമത്തെ പൊതുതെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകൾ നേടി ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒന്നാമതെത്തിയെങ്കിലും ഇത്തവണയും അവർക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 350 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 176 സീറ്റ് വേണമെന്നിരിക്കെ 120 സീറ്റ് മാത്രമാണ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് നേടാനായത്. പീപ്പിൾസ് പാർട്ടി 88 സീറ്റും വോക്സ് പാർട്ടി 52 സീറ്റും നേടി. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിൾസ് പാർട്ടിക്ക് 66 സീറ്റും വോക്സ് പാർട്ടിക്ക് 24 സീറ്റുമാണ് ഉണ്ടായിരുന്നത്. കാറ്റലോണിയയിൽ സ്വാതന്ത്ര്യപ്രക്ഷോഭം നടക്കുന്നതാണ് തീവ്ര വലതുപക്ഷ കക്ഷിയായ വോക്സ് പാർട്ടിക്ക് നേട്ടമായത്. ഏപ്രിലിൽ 57 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റിസൺസ് പാർട്ടി ഇത്തവണ വെറും 10 സീറ്റാണ് നേടിയത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 123 സീറ്റുകൾ നേടിയിരുന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി സഖ്യസർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുമെന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. എന്നാൽ, ഒരു പുരോഗമന സർക്കാരുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അതിന് തടസം നിൽക്കരുതെന്നും താത്കാലിക പ്രധാനമന്ത്രിയായി തുടരുന്ന സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചെസ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സാഞ്ചസിന്റെ നിർദേശങ്ങൾ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും സ്പെയിനിന് രാഷ്ട്രീയ പ്രതിസന്ധിയിൽ തുടരാൻ കഴിയില്ലെന്നും പീപ്പിൾസ് പാർട്ടി നേതാവ് പാബ്ലോ കസാഡോ പ്രതികരിച്ചു.

You must be logged in to post a comment Login