സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധിച്ച സംഭവം; ടി എൻ പ്രതാപനേയും ഡീൻ കുര്യാക്കോസിനേയും സസ്‌പെൻഡ് ചെയ്യും

ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരായി പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപനേയും ഡീൻ കുര്യാക്കോസിനേയും സസ്പെൻഡ് ചെയ്യും. ഇതിനുള്ള പ്രമേയം അടുത്ത സഭ സമ്മേളിക്കുന്ന തിങ്കളാഴ്ച അവതരിപ്പിക്കും.

ഉന്നാവ്, ഹൈദരാബാദ് വിഷയത്തെ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി ടി എൻ പ്രതാപനും ഡീൻ കുര്യാക്കോസും നടുത്തളത്തിൽ ഇറങ്ങിയത്. ഉന്നാവ്, ഹൈദരാബാദ് വിഷയങ്ങൾ മുൻ നിർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലോക്‌സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ആഭ്യന്തരമന്ത്രി സഭയിലില്ലെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നൽകാനമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകർ സഭയിൽ വ്യക്തമാക്കി. തുടർന്നായിരുന്നു നാടകീയമായ രംഗങ്ങൾ.

സ്മൃതി ഇറാനി മറുപടി നൽകാൻ എഴുന്നേറ്റപ്പോൾ ടി എൻ പ്രതാപനും ഡീൻ കുര്യാക്കോസും മന്ത്രിക്കെതിരേ സഭയുടെ നടുത്തളത്തിലിറങ്ങി. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതുകൊണ്ടാണോ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാർ ചെയ്തതെന്നാണ് ബിജെപി യുടെ ആരോപണം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതാപനും ഡീനും മാപ്പു പറയണമെന്നും ബിജെപി നിലപാടെടുത്തു. ഉച്ചകഴിഞ്ഞ് വിഷയത്തിൽ നിലപാടറിയിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയോട് സ്പീക്കർ ഓം ബിർള നിർദേശിച്ചു.

അതേസമയം എംപിമാർ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. വിഷയത്തിൽ സ്പീക്കർ നടപടിയെടുക്കട്ടെയെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇതിനെ തുടർന്നാണ് സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള ബിജെപിയുടെ തീരുമാനം. ഇതിനുള്ള പ്രമേയം അടുത്ത സഭ സമ്മേളിക്കുന്ന തിങ്കളാഴ്ച അവതരിപ്പിക്കും. ഈ സഭാ സമ്മേളനത്തിൽ രണ്ടാം തവണയാണ് ലോക്സഭയിൽ കേരള എംപിമാർക്ക് എതിരെ നടപടി ഉണ്ടാകുന്നത്. സസ്പെൻഡ് നടപടിയുടെ ഭാഗമായി ബിജെപിയും എംപിമാർക്ക് വിപ്പ് നൽകി.

You must be logged in to post a comment Login