‘സ്റ്റാര്‍ട്ടപ്പുകളും അസഹിഷ്ണുതയും ഒന്നിച്ച് പോവില്ല’: ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ സര്‍ഗശേഷിയെയും സ്റ്റാര്‍ട്ട്അപ്പുകളെയും തല്ലിക്കെടുത്തുന്ന ആര്‍എസ്എസിന്റെ നയങ്ങളെയും അവയ്ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രത്തെയും രാഹുല്‍ കുറ്റപ്പെടുത്തി.


മുംബൈ: ബിജെപിക്കും നരേന്ദ്ര മോഡി സര്‍ക്കാരിനുമെതിരേ അടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരേസമയം സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അസഹിഷ്ണുത വെച്ചുപുലര്‍ത്തുകയും ചെയ്യുന്നതില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. രാജ്യത്തെ സര്‍ഗശേഷിയെയും സ്റ്റാര്‍ട്ട്അപ്പുകളെയും തല്ലിക്കെടുത്തുന്ന ആര്‍എസ്എസിന്റെ നയങ്ങളെയും അവയ്ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രത്തെയും രാഹുല്‍ കുറ്റപ്പെടുത്തി.

മുംബൈയിലെ നാര്‍സീ മോന്‍ജീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍. ആര്‍എസ്എസിന്റെ കാഴ്ച്ചപ്പാടിലുള്ള ലോകം എങ്ങനെയായിരിക്കണം എന്നത് ലക്ഷ്യമിട്ടാണ് ആ സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധി ഈ രാജ്യത്തിന് വേണ്ടത് തുറന്ന സമീപനവും നൂതന ആശയങ്ങളുമാണെന്ന് പറഞ്ഞു. കാഷ്വല്‍ ജീന്‍സും ടീഷര്‍ട്ടുമായിരുന്നു രാഹുല്‍ഗാന്ധിയുടെ വേഷം.

നിങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് അസഹിഷ്ണുതയാണെങ്കില്‍ സ്റ്റാര്‍ട്ട്അപ്പ് മേഖലയിലും സാമ്പത്തികമേഖലയിലും രാജ്യം തകര്‍ന്ന് അടിയുമെന്ന് രാഹുല്‍ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ സഹിഷ്ണുതയുടെ സംസ്‌ക്കാരത്തെ പടുത്തുയര്‍ത്തിയിട്ടുണ്ടെന്ന് നിരവധി ഉദാഹരണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

ഹിന്ദുവെന്നും മുസ്ലീമെന്നും സ്ത്രീയെന്നും പുരുഷനെന്നും മനുഷ്യനെ ബിജെപി വേര്‍തിരിക്കുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസോ താനോ അങ്ങനെ ചെയ്യാറില്ലെന്നും ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു.

You must be logged in to post a comment Login