സ്റ്റാർട്ടപ്പുകളുടെഎണ്ണത്തിലും നിക്ഷേപത്തിലും വന്‍കുതിപ്പ്

 

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനത്തിന് വന്‍കുതിപ്പ്. സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം- 2019 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി  പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നേരത്തെ 17 ശതമാനമായിരുന്നു സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. ഈ വര്‍ഷം ഇതുവരെ കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളില്‍ 311 കോടി രൂപയുടെ നിക്ഷേപം നടന്നു. 2200 സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനു (കെഎസ്യുഎം) വേണ്ടി ടൈ കേരളയും ഇന്‍ക് 42ഉം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പ് വികസനത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയതിന്റെ ഫലമാണ് ഈ വളര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചത് വളര്‍ച്ചയ്ക്ക് സഹായിച്ചു.

സംസ്ഥാനത്തെ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വിദേശത്ത് അടക്കംവലിയ സ്വീകാര്യത ലഭിച്ചു. ട്വിറ്റര്‍ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്‌റ്റോണ്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒപ്പോ, ഫ്യൂച്വര്‍ ഗ്രൂപ്പ്, ഓര്‍ബിറ്റല്‍ എന്നീ ആഗോളസ്ഥാപനങ്ങളും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തന്‍ സംരംഭവുമായി മുന്നോട്ടുവരുന്നവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹവവും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You must be logged in to post a comment Login