സ്റ്റേറ്റ് ബാങ്ക് ലയനം: കേരളത്തില്‍ ഇല്ലാതാവുന്നത് 21 ഓഫീസുകള്‍

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ കൂടുതല്‍ ഓഫീസുകള്‍ ഇല്ലാതാവുന്നത് കേരളത്തില്‍. 21 ഓഫീസുകളാണ് സംസ്ഥാനത്ത് കുറയുക. ഇന്ത്യയില്‍ മൊത്തം 124 ഓഫീസുകള്‍ ഇല്ലാതാകും. ഏപ്രില്‍ ഒന്നിനാണ് ലയനം പ്രാബല്യത്തിലാവുക

സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയും എസ്.ബി.ഐ.യില്‍ ലയിക്കുന്നുണ്ടെങ്കിലും എസ്.ബി.ടി.യുടെ ലയനത്തോടെ കേരളത്തില്‍ ഇല്ലാതാവുന്നത്ര ഓഫീസുകള്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാതാവുന്നില്ല.

കേരളത്തില്‍ തിരുവനന്തപുരം ആസ്ഥാനമായാണ് സര്‍ക്കിള്‍. എസ്.ബി. ഐ.യ്ക്കും എസ്.ബി.ടി.ക്കും ഒന്നുവീതമാണ് ലോക്കല്‍ ഹെഡ്ഡോഫീസ്. അവ ലയിച്ച് ഒരു ഓഫീസാകും. നിലവില്‍ ലോക്കല്‍ ഹെഡ്ഡോഫീസില്ലാത്ത ആന്ധ്രപ്രദേശ്, പുണെ സര്‍ക്കിളുകളില്‍ ലയനശേഷം അതുണ്ടാകും.

ജനറല്‍മാനേജര്‍മാരുടെ രണ്ട് ഓഫീസുകളാണ് എസ്.ബി.ഐ.യ്ക്ക് കേരളത്തിലുള്ളത്. എസ്.ബി.ടി.ക്ക് മൂന്നും. ലയനത്തിനുശേഷം മൂന്ന് ഓഫീസുകളാണ് ബാക്കിയാവുക. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ നാലും ആറും വീതമാണിപ്പോഴുള്ളത്. ഇവയില്‍ ആറെണ്ണമേ ലയനത്തിനുശേഷമുണ്ടാവൂ.

ബാങ്ക് ശാഖകളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന റീജ്യണല്‍ ബിസിനസ് ഓഫീസുകളുടെ(ആര്‍.ബി.ഒ.) എണ്ണത്തിലാണ് വലിയ കുറവുണ്ടാവുന്നത്. എസ്.ബി.ഐ.യ്ക്ക് 17ഉം ഉപബാങ്കുകള്‍ക്ക് 26ഉം ആര്‍.ബി.ഒ.കളാണ് ഉള്ളത്. ലയനം കഴിഞ്ഞാല്‍ 29 ആര്‍.ബി.ഒ.കളാണ് ബാക്കിയാവുക. 14 എണ്ണം ഇല്ലാതാവും.

കേരളത്തില്‍ ഉപബാങ്കുകളിലാകെ ഭരണവിഭാഗം ഓഫീസുകളില്‍ ഏഴായിരത്തിയഞ്ഞൂറോളം ജീവനക്കാരുണ്ട്. ഇവരെ സ്ഥലംമാറ്റിയും പുനഃക്രമീകരിച്ചുമായിരിക്കും ലയനാനന്തരം ബാങ്ക് പ്രവര്‍ത്തിക്കുക. സ്‌കെയില്‍ മൂന്ന്, നാല് വിഭാഗങ്ങളിലെ ജീവനക്കാരെ കേരളത്തിനു പുറത്തേക്കുമാറ്റുമെന്നാണ് സൂചന. സ്വയംവിരമിക്കല്‍ പദ്ധതിയും നടപ്പാക്കുമെന്നാണ് കരുതുന്നത്.

ലയനം യാഥാര്‍ഥ്യമാകുമ്പോള്‍ എത്രശാഖകള്‍ പൂട്ടുമെന്നതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കേരളത്തില്‍ നാനൂറിലേറെ ശാഖകള്‍ പൂട്ടുമെന്നാണ് പ്രാഥമികധാരണ.

ലയനത്തിനുശേഷം, ഏറ്റെടുത്ത ശാഖകളില്‍ ഓഡിറ്റിങ് നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം. പിന്നീട് ബോര്‍ഡുകള്‍ മാറ്റും. ഏപ്രില്‍ പകുതിയോടെ ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാകും.

You must be logged in to post a comment Login