സ്വകാര്യ ആരാധനാലയങ്ങള്‍ പൊതുക്ഷേത്രങ്ങളായി ദേവസ്വം വകുപ്പിനു പ്രഖ്യാപിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങള്‍ക്ക് ആരധനാ സ്വാതന്ത്ര്യം അനുവദിയ്ക്കുന്നതിന്റെ പേരില്‍ സ്വകാര്യ ആരാധനാലയങ്ങള്‍ പൊതുക്ഷേത്രങ്ങളായി ദേവസ്വം വകുപ്പിനു പ്രഖ്യാപിക്കാനാവില്ലെന്നു ഹൈക്കോടതി.
ചാവക്കാട് പനയംകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ട്രസ്റ്റി മഞ്ജുളാവില്‍ കുടുംബം നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ടി.ആര്‍. രാമചന്ദ്രന്‍ നായരും എ.വി. രാമകൃഷ്ണപിള്ളയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മതസ്ഥാപന ഭരണനിയമത്തിലെ ആറ്, 17 എന്നീ വകുപ്പുകള്‍ പ്രകാരം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ക്കു സ്വകാര്യ ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിക്കാന്‍ അധികാരമുനോ എന്നതായിരുന്നു ഹര്‍ജിയിലെ ചോദ്യം.

 


ക്ഷേത്രത്തിലെ ഭണ്ഡാരം ഏറ്റെടുക്കാന്‍ 1998 ല്‍ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. നടപടിക്രമം പാലിക്കാതെയായിരുന്നു ഈ നടപടിയെന്നാണു ഹര്‍ജിക്കാരന്റെ വാദം.
സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ദേവസ്വം വകുപ്പിനു ഭരണാധികാരവും നിയന്ത്രണവും ലഭിക്കാന്‍ ചില നടപടിക്രമങ്ങള്‍ ഉണ്ട്. നിയമത്തിലെ സെക്ഷന്‍ 38 പ്രകാരം ക്ഷേത്രത്തെ ലിസ്റ്റ് ചെയ്യണം. സെക്ഷന്‍ 63 പ്രകാരം ഏറ്റെടുക്കല്‍ സംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇവരതും ചെയ്തിട്ടില്ല.
സ്വകാര്യ, കുടുംബ ക്ഷേത്രങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടോ പൊതുജനങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി ഉത്സവം നടത്തിയതുകൊണ്ടോ ക്ഷേത്രം പ്രശസ്തി നേടിയതു കൊണ്ടോ ക്ഷേത്രത്തിന്റെ ഉടമസ്ഥനുള്ള അധികാരം ഇല്ലാതാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

You must be logged in to post a comment Login