സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിക്കുന്നതിനെ ചൊല്ലി കെഎസ്ആര്‍ടിസിയില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിക്കുന്നതിനെ ചൊല്ലി കെഎസ്ആര്‍ടിസിയില്‍ കടുത്ത ആശയക്കുഴപ്പം. പമ്പുകളില്‍ പണം നല്‍കേണ്ടതെങ്ങനെ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസിയുടെ കടുത്ത ഇന്ധന ക്ഷാമത്തിന് ഒറ്റമൂലിയെന്ന നിലയിലാണ് സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിക്കാന്‍ തീരുമാനം വന്നത്. എന്നാല്‍ അത് അത്ര എളുപ്പമാകില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

 

പകല്‍ സമയം സ്വകാര്യ പമ്പില്‍ കയറി ഡീസല്‍ അടിക്കുന്നത് പ്രായോഗികമല്ല. സര്‍വ്വീസ് കഴിഞ്ഞെത്തുന്ന ബസ്സുകളില്‍ രാത്രി ഡീസല്‍ നിറക്കണമെങ്കില്‍ 500 ഡ്രൈവര്‍മാര്‍ അധികം വേണം. മേല്‍നോട്ടത്തിന് 600 സൂപ്പര്‍വൈസര്‍മാര്‍ വേറെയും. സാധാരണ രാത്രികാലങ്ങളില്‍ നടക്കുന്ന അറ്റകുറ്റപണി മുടങ്ങുകയും ചെയ്യും.

ഇതിനെല്ലാം പരിഹാരമായാലും സ്വകാര്യ പമ്പില്‍ പണം നല്‍കുന്നതെങ്ങനെ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ എല്ലാം ബാങ്ക് വഴി നടത്തുന്ന കെഎസ്ആര്‍ടിസി പമ്പുടമകള്‍ക്ക് എങ്ങനെ പണം നല്‍കുമെന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

You must be logged in to post a comment Login