സ്വദേശിവത്കരണം: യുഎഇയില്‍ 4000 പേര്‍ക്ക് 100 ദിവസത്തിനകം ജോലി

 

ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി. 100 ദിവസത്തിനുള്ളില്‍ നിയമനം നല്‍കാനാണ് തീരുമാനമെന്ന് സ്വദേശിവത്കരണ, മനുഷ്യശേഷി മന്ത്രി നാസര്‍ താനി അല്‍ ഹമേലി പറഞ്ഞു. സ്വദേശിവത്കരണം ദേശീയ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളെ ഏകോപിപ്പിച്ചാണ് സ്വദേശിവത്കരണം യാഥാര്‍ഥ്യമാകേണ്ടത്. ഇത്തിസലാത്ത്, വിവരസാങ്കേതികം, വ്യോമമേഖല, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകള്‍ ഒത്തൊരുമിച്ചാണ് സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് നിയമനം നല്‍കുന്നത്.

വിഷന്‍ 2021ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ വിവിധ രംഗങ്ങളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലാക്കുന്നത്. ഇതിനായി യുഎഇയില്‍ പ്രത്യേക തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫ്രീസോണ്‍ മേഖലയിലെ സ്ഥാപനങ്ങളും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി സ്ഥാപനങ്ങളില്‍ നിയമനം നല്‍കും. ധനകാര്യമേഖലകളിലെ നിയമനങ്ങളും പ്രധാന ലക്ഷ്യമാണ്. ഇതിനായി ഈ രംഗത്തുള്ള കമ്പനികളുടെ 110 മാനേജര്‍മാരുമായി കൂടിക്കാഴ്ച പൂര്‍ത്തിയായതായി അല്‍ ഹമേലി പറഞ്ഞു. യുഎഇയിലെ സജീവ മേഖലകളില്‍ ഒന്നായ ധനകാര്യരംഗത്തു കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യമേഖലകളില്‍ നിയമനം നല്‍കുന്നതിനും സ്വദേശികളെ ആകര്‍ഷിക്കുന്നതിനുമായി സംഘടിപ്പിച്ച ‘ലേബര്‍ ഓപ്പണ്‍ ഹൗസി’ല്‍ ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് നിയമനത്തിന് മുന്നോടിയായുള്ള ഓഫര്‍ ലെറ്റര്‍ നല്‍കുകയും ചെയ്തു. സ്വദേശിവല്‍ക്കരണ മനുഷ്യശേഷി മന്ത്രാലയത്തിന് കീഴില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനായി ‘സ്വദേശിവല്‍ക്കരണ കവാടം’ തുറന്നിട്ടുണ്ട്. ഉന്നതപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുക ഇതുവഴിയാണ്. നിയമനം നല്‍കിയ ശേഷവും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ പ്രാപ്തമാക്കുന്ന പരിശീലനങ്ങളും ലഭിക്കും.

സ്‌കൂള്‍, കോളജ് തലങ്ങളില്‍ നിന്നുതന്നെ തൊഴില്‍പരിശീലനവും ബോധവല്‍കരണവും ഇതിന്റെ ഭാഗമായുണ്ടാകും. സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന്റെ പ്രാധാന്യവും തൊഴില്‍സംബന്ധമായ അവബോധവും സൃഷ്ടിക്കുന്നതിനുമായി സ്വദേശിരക്ഷിതാക്കള്‍ക്ക് ശില്‍പശാലകള്‍ സംഘടിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി സ്വകാര്യ മേഖലകളിലെ മാനേജര്‍മാരെ ഉള്‍പ്പെടുത്തി മന്ത്രാലയം സ്വദേശിവത്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ അംഗങ്ങള്‍ ആകുന്ന കമ്പനികള്‍ക്ക് ഫീസ് ഇളവുകള്‍ അടക്കമുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login