സ്വന്തം ബ്രാൻഡിൽ മൊബൈൽ ഫോണും സ്മാർട്ട് ടിവിയും; വിപ്ലവക്കുതിപ്പിനൊരുങ്ങി ‘മൈജി’

കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിൽപ്പനശൃംഖലയായ ‘മൈജി’ വൻ കുതിപ്പിനൊരുങ്ങുന്നു. സ്വന്തം ബ്രാൻഡിൽ മൊബൈൽഫോണും അക്സസറികളും സ്മാർട്ട് ടിവിയും നിർമിക്കുകയാണ് മൈജിയുടെ ലക്ഷ്യം. കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഇവ 2021ഓടെ വിപണിയിലെത്തുമെന്നാണ് സൂചന.

സ്വന്തം ബ്രാൻഡിൻ്റെ ചുവടുപിടിച്ച് രാജ്യത്തെ പ്രധാന മൊബൈൽ ഫോൺ-ഡിജിറ്റൽ സ്റ്റോർ ശൃംഖലകളുടെ പട്ടികയിൽ ആദ്യ മൂന്നിലെത്തുക എന്നതും മൈജിയുടെ ലക്ഷ്യങ്ങളിൽ പെടുന്നു. നിലവിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ മൈജി ഉണ്ടെങ്കിലും ആദ്യ മൂന്നിലേക്ക് വളരുക എന്നതാണ് ലക്ഷ്യം. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് ‘മൈജി’യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എകെ ഷാജി ‘മാതൃഭൂമി ധനകാര്യ’ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്വന്തം ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കാനായുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കേരളത്തിൽ നിർമാണവ്യവസായം സാധ്യമാണെന്ന് തെളിയിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇവിടെ നിന്നുതന്നെ സ്വന്തം ബ്രാൻഡ് പടുത്തുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോറൂമുകൾക്കൊപ്പമുള്ള സർവീസ് സെന്ററുകളിലേക്ക് ആവശ്യമായ ടെക്‌നീഷ്യന്മാരെ കണ്ടെത്തുന്നതിനായി ‘മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി’ എന്ന പേരിൽ പരിശീലന സ്ഥാപനം തുടങ്ങാനും മൈജി പദ്ധതിയിടുന്നു.

കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന ഓരോ അഞ്ച് മൊബൈൽ ഫോണുകളിൽ ഒരെണ്ണം ‘മൈജി’ സ്റ്റോറുകളിലൂടെയാണ്. സംസ്ഥാനത്ത് പ്രതിമാസം രണ്ടുലക്ഷം മൊബൈൽ ഫോണുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഇതിൽ 40,000-വും ‘മൈജി’ ഷോറൂമുകളിലൂടെയാണ്. 2006-ൽ കോഴിക്കോട് മാവൂർ റോഡിൽ ‘3ജി’ എന്ന പേരിലാണ് ആദ്യ ഷോറൂം തുടങ്ങിയത്. 10 വർഷം കൊണ്ട് ഷോറൂമുകളുടെ എണ്ണം 50 ആയി ഉയർത്തി. 2016-ലാണ് ‘മൈജി’ എന്ന് റീബ്രാൻഡ് ചെയ്തത്.

You must be logged in to post a comment Login