സ്വന്തം ഹോട്ടലില്‍ ടീം ഇന്ത്യയ്ക്ക് വിരുന്നൊരുക്കി വിരാട് കൊഹ്‌ലി

ഡല്‍ഹിയിലെ തന്റെ സ്വന്തം ഹോട്ടലില്‍ ടീം ഇന്ത്യയ്ക്ക് വിരുന്നൊരുക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം ഇന്നലെ നടന്ന ട്വന്റി-20 മത്സരത്തിനായി ഡല്‍ഹിയില്‍ എത്തിയപ്പോളാണ് സഹതാരങ്ങളെ കൊഹ്‌ലി വിരുന്നിന് വിളിച്ചത്. പരിശീലകനായ രവിശാസ്ത്രിയടക്കമുള്ളവര്‍ കൊഹ്‌ലിയുടെ ‘നുയേവ’ ഹോട്ടലില്‍ എത്തിയിരുന്നു. ഹോട്ടലിലെ ആഘോഷം ധവാനടക്കമുള്ള താരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പേസ് ബൗളര്‍ ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇന്നലെ ന്യൂസിലാന്‍ഡിനെതിരെ നടന്നത്. നാലോവറില്‍ 29 റണ്‍സാണ് നെഹ്‌റ വഴങ്ങിയത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

Enjoyed a brilliant meal at Nueva restaurant last night in Delhi. Nice food, my favourite was Cold Pizza. Recommend a visit @imVkohli

ശിഖര്‍ ധവാന്റേയും രോഹിത് ശര്‍മ്മയുടേയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കിവിസിനെ പരാജയപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ മൂന്നിന് 202 എന്ന മികച്ച ലക്ഷ്യമാണ് ഇന്ത്യന്‍ ടീം കിവീസിനു മുന്നിലുയര്‍ത്തിയത്. 80 റണ്‍സ് വീതമെടുത്ത ധവാനും രോഹിതുമാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു. 28 റണ്‍സെടുത്ത ക്യപ്റ്റന്‍ വില്യംസണും 39 എടുത്ത ലാഥവുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ചഹലും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവസാന മത്സരത്തിനിറങ്ങിയ നെഹ്‌റയ്ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഭുവനേശ്വറിനും ബുംറയ്ക്കും ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.