സ്വപ്‌നസദസില്‍ താരദമ്പതിമാരുടെ സത്ക്കാര രാവ്

ആലപ്പുഴ: സിനിമയിലെ സ്വപ്‌നരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വേദിയില്‍  നിറഞ്ഞ സദസിനു മുന്നില്‍ ഫഹദും നസ്രിയയും. വേദിയിലേക്ക് അവര്‍ ആനയിക്കപ്പെട്ടപ്പോള്‍ അകമ്പടിയായി വാദ്യസംഗീതം. പാതിരപ്പള്ളി വിജയ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ മലയാളത്തിലെ താരദമ്പതിമാരുടെ സ്വീകരണ ചടങ്ങായിരുന്നു രംഗം.ഞായറാഴ്ച വൈകിട്ട് ഏഴേകാലോടെയാണ് ചടങ്ങ് ആരംഭിച്ചത്. വേദിയിലേക്ക് ചലച്ചിത്രസാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഫഹദിനെ വേദിയിലേക്ക് ക്ഷണിച്ചത് സഹോദരനും നടനുമായ ഫര്‍ഹാനാണ്. അച്ഛന്‍ ഫാസില്‍ അതിഥികളെ സ്വീകരിച്ചിരുത്തി. ‘അസ്ലാമു അലൈക്കും’ എന്ന അഭിവാദ്യ വാചകത്തോടെ സദസ്സിനെ അഭിമുഖീകരിച്ച ഫഹദ് ക്ഷണിക്കപ്പെട്ടവരെ സ്വാഗതം ചെയ്തതിനൊപ്പം ബുദ്ധിമുട്ടുകള്‍ പൊറുക്കണമെന്നും അപേക്ഷിച്ചു.

കുടുംബസമേതമെത്തിയ മമ്മൂട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, സംവിധായകന്‍ സത്യന്‍അന്തിക്കാട്, നടന്മാരായ ജനാര്‍ദനന്‍, മനോജ് കെ. ജയന്‍, സുധീഷ്, കൃഷ്ണപ്രസാദ്, നടിമാരായ നദിയമൊയ്തു, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിബിമാത്യു, രഞ്ജി പണിക്കര്‍, മാണി സി. കാപ്പന്‍, സെഞ്ച്വറി രാജു മാത്യു, ഗായിക സുജാത, രാജീവ് ആലുങ്കല്‍, നിര്‍മാതാവ് രഞ്ജിത്ത്, ആന്റണി പെരുമ്പാവൂര്‍, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് നന്ദകുമാര്‍, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ചെറിയാന്‍ കല്പകവാടി, മേജര്‍രവി, മന്ത്രി എം.കെ. മുനീര്‍, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എം.പി., ഡോ. ടി.എം. തോമസ് ഐസക്, സി. ദിവാകരന്‍, കെ.ഇ. ഇസ്മയില്‍, വി.ഡി. സതീശന്‍, ടി.എച്ച്. മുസ്തഫ, ഹൈബി ഈഡന്‍, എ.എം. ആരിഫ്, ഡൊമിനിക് പ്രസന്റേഷന്‍, സെയ്ദ് ബഷീറലി ശിഹാബ് തങ്ങള്‍, പത്മജ വേണുഗോപാല്‍, കളക്ടര്‍ എന്‍. പദ്മകുമാര്‍, കുഞ്ചാക്കോ ബോബന്‍, ബാലചന്ദ്രമേനോന്‍, സുചിത്ര മേനോന്‍, കെ. സുരേഷ്കുറുപ്പ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരും പങ്കെടുത്തു. സംവിധായകന്‍ സിദ്ദിക്കാണ് വേദി ക്രമീകരണങ്ങള്‍ നടത്തിയത്.

You must be logged in to post a comment Login