സ്വര്‍ണം കടത്താന്‍ സ്ത്രീകള്‍ക്ക് ഫയാസിന്റെ പരിശീലനം

രാജ്യാന്തരവിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിനു പിടിയിലായ സ്ത്രീകള്‍ക്കു മുഖ്യപ്രതി ഫയാസ് ദുബായില്‍ പ്രത്യേക പരിശീലനം നല്‍കിയതായി കസ്റ്റംസ് കണ്ടെത്തി.  ദുബായിലെ ഫഌറ്റില്‍ വച്ചാണ് പരിശീലനം നല്‍കിയത്. കസ്റ്റംസിനും മറ്റും  സംശയം കൊടുക്കാതെ സ്വര്‍ണം കടത്താനായിരുന്നു പരിശീലനം. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി പോകുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ എന്തെക്കെ ചെയ്യണം എന്നായിരുന്നു ഫയാസ് ഇടനിലക്കാരായ സ്ത്രീകളെ പഠിപ്പിച്ചിരുന്നത്.
ആരിഫ നാലുതവണയും ആസിഫ മൂന്നുതവണയും നെടുമ്പാശേരി, കരിപ്പൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍  വഴി സ്വര്‍ണക്കടത്ത് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പരിശീലനം സംബന്ധിച്ച് കസ്റ്റംസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ആദ്യ കളളക്കടത്തിന് മുമ്പ് ഇവരോട് ദുബായിലെ ഫഌറ്റിലെത്താന്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ ഹാരിസും ഒപ്പമുണ്ടായിരുന്നു. എങ്ങനെയാണ് ജാക്കറ്റില്‍ സ്വര്‍ണം ഒളിപ്പിക്കേണ്ടത്,  മേല്‍വസ്ത്രം എങ്ങനെ ധരിക്കണം,  എമിഗ്രേഷന്‍ നടപടികള്‍ക്കുശേഷം  സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിക്കേണ്ടത് എങ്ങനെയാണ്  തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. നെടുമ്പാശേരി അടക്കമുളള വിമാനത്താവളങ്ങളിലെ സഹായികളായ ഉദ്യോഗസ്ഥരെക്കുറിച്ചുളള സൂചനകളും നല്‍കിയിരുന്നു. വിമാനമിറങ്ങിയാലുടന്‍ ആര്‍ക്കും സംശയം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങേണ്ട വഴിയും പറഞ്ഞു കൊടുത്തു.

fayasdfr

ഹോട്ടലില്‍ എത്തിയാലുടന്‍ സ്വര്‍ണം ഹാരിസ് കൈമാറാനായിരുന്നു നിര്‍ദേശം. ഇവരെ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി ഫയാസുള്‍പ്പെടെയുളള മുഴുവന്‍ പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങാന്‍  സിബിഐ തീരുമാനിച്ചു. ഇതിനായി കൊച്ചിയിലെ കോടതിയില്‍ അപേക്ഷ നല്‍കും. തുടര്‍ ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സി.ബി.ഐയുടെ പ്രതീക്ഷ.

കേസില്‍ ഇനിയും ഉദ്യോഗസ്ഥന്‍മാര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ വിവരങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയെന്നത് ഇത് വരെ അറിവായിട്ടില്ല. അത് കൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കണ്ടെത്താനായിരിക്കും സി.ബി.ഐ ആദ്യം ശ്രമിക്കുക. അടുത്ത ദിവസം തന്നെ ആരോപണ വിധേയരായ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍ കുമാറിനെയും ടോണിയെയും സി.ബി.ഐ ചോദ്യം ചെയ്‌തേക്കും.

You must be logged in to post a comment Login