സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല വെള്ളി നേടുകയാണ് ചെയ്തത്; വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ച് പി വി സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ സന്തോഷം പങ്കുവെച്ച് പി വി സിന്ധു. താന്‍ നേടിയ വെള്ളിക്കും തിളക്കമുണ്ടെന്ന് പറഞ്ഞ സിന്ധു തന്നെ വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണം നഷ്ടമാവുകയല്ല താന്‍ വെള്ളി നേടുകയാണ് ചെയ്തതെന്ന് താരം പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷവും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന മാരിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-19, 21-10. മത്സരത്തില്‍ വെള്ളി നേടിയ സിന്ധു തന്റെ സ്വര്‍ണം താമസിയാതെ വരുമെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചു.

‘ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതല്ല, വെള്ളി നേടുകയാണ് ചെയ്തത്’, സിന്ധു വ്യക്തമാക്കി. രണ്ടാം തവണയും ലോക ചാംപ്യന്‍ഷിപ് ഫൈനലില്‍ പരാജയപ്പെട്ട സിന്ധുവിനെ സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

നിര്‍ണായകമായ മത്സരങ്ങളില്‍ സിന്ധുവിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പറ്റുന്നില്ല എന്നായിരുന്നു വിമര്‍ശനം. ടീം അംഗങ്ങള്‍ക്കും സിന്ധു നന്ദി പറഞ്ഞു. ‘എന്റെ മികച്ച ടീം അംഗങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം തൂണു പോലെ അവര്‍ എന്റെ പിന്നില്‍ ഉറച്ചു നിന്നു. സ്‌പോണ്‍സര്‍ക്കും പരിശീലകനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു’, സിന്ദു അറിയിച്ചു.

പതിവ് പോലെ തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് അവസാനം ആക്രമണത്തിലേക്ക് ഉയരുന്ന ശൈലിയാണ് മത്സരത്തില്‍ കരോലിന പുറത്തെടുത്തത്. അതോടെ സിന്ധുവിന് ആദ്യ സെറ്റിലെ ഉര്‍ജ്ജം പതിയെ നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സിന്ധുവിന് ആറ് ജയവും കരോലിനയ്ക്ക് ഏഴ് ജയവുമായി. നേരത്തെ ഒളിംപിക്‌സിലും സിന്ധുവിനെ കരോലിന വീഴ്ത്തിയിരുന്നു.

Rohan Bopanna

@rohanbopanna

What we do today can improve all our thoughts tomorrow.

കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വെള്ളി നേടുന്നത്. ഇതിനു പുറമെ, 2015, 2017 വര്‍ഷങ്ങളില്‍ വെങ്കലവും നേടിയിട്ടുണ്ട്. നേരത്തെ, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് കരോലിന മരിന്‍ സെമിയിലെത്തിയത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മാരിന്റെ മൂന്നാം സ്വര്‍ണമാണിത്.

You must be logged in to post a comment Login