സ്വര്‍ണ്ണക്കടത്ത്; പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയതിന് കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന് ഉന്നതതലബന്ധങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍സ്റ്റാഫംഗവുമായി ഫയാസിനു അടുത്തബന്ധമുള്ളതായി കസ്റ്റംസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ പിടിയിലായ ഫയാസ് സ്വര്‍ണകടത്തില്‍ ഹവാല ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഇയാള്‍ വിമാനത്താവളങ്ങള്‍ വഴി 36 കിലോ സ്വര്‍ണ്ണം കടത്തിയതായി തെളിവെടുപ്പില്‍ വ്യക്തമായി. കഴിഞ്ഞദിവസം പിടിയിലായ മൂന്നംഗസംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫയാസിനെ അന്വേഷണസംഘം ഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മലപ്പുറം കൊടുവള്ളി സ്വദേശി തങ്ങള്‍ റഹിമാണ് അന്തര്‍ദേശീയ ഹവാല റാക്കറ്റിന് നിയന്ത്രിക്കുന്നതെന്നാണ് ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. വിശദമായ ചോദ്യം ചെയ്യലില്‍ തങ്ങള്‍ റഹിമുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് ഫയാസ് അന്വേഷണസംഘത്തിന് വിവരം നല്‍കിയതായി സൂചനയുണ്ട്.
gold-smuggling
സ്വര്‍ണ്ണകടത്തിനായി ഇയാള്‍ വിമാനത്താവളങ്ങളില്‍ ഗ്രീന്‍ചാനല്‍ സംവിധാനം ഒരുക്കിയെടുത്തിരുന്നതായും ഇതിന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശകളുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ യാതൊരു പരിശോധനകളിലും പെടാതെ ഇയാള്‍ പലവട്ടം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും വ്യക്തമായി. ചെന്നൈ, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയും ഫയാസ് കള്ളക്കടത്ത് നടത്തിയതിന്  വ്യക്തമായി സൂചനകളുണ്ട്.

കഴിഞ്ഞ 20ന് ദുബായില്‍ നിന്നും  കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തിയ തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനി അരീഫ (26) കോഴിക്കോട് കോട്ടപ്പള്ളി സ്വദേശിനി അസിഫ (25) എന്നിവരില്‍ നിന്നാണ് 20 കിലോ സ്വര്‍ണ്ണം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റിലിജന്‍സ് വിഭാഗം പിടികൂടിയത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം സ്വര്‍ണ്ണം ഒരുമിച്ച് പിടികൂടുന്നത്. ഇകെ 532 എമറൈസ് എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് സ്ത്രീ യാത്രക്കാര്‍ അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ കര്‍ശന പരിശോധനയിലാണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടിയത്.

 

 

You must be logged in to post a comment Login