സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രണവുമായി ബന്ധമില്ലെന്ന് കൊടിസുനി; കാക്ക രഞ്ജിത്തിനെ അറിയാം; ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല

 

തൃശൂര്‍: സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രണവുമായി ബന്ധമില്ലെന്ന് കൊടിസുനി. ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കൊടി സുനി പറയുന്നത്. കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനെ അറിയാമെന്നും ജയിലില്‍ വച്ചു കണ്ടിട്ടുണ്ടെന്നും സുനി അന്വേഷണ സംഘത്തോട് സമ്മതിച്ചു. എന്നാല്‍ കാക്ക രഞ്ജിത്തിനെ ഒരുവട്ടം പോലും വിളിച്ചിട്ടില്ലെന്നും സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞു.

കൊടി സുനിയെ അന്വേഷണ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുകയാണ് കൊടിസുനി. കാക്ക രഞ്ജിത്തിനെ ജയിലില്‍ വച്ചു കണ്ടു പരിചയമുണ്ടെന്നു സമ്മതിച്ചെങ്കിലും മറ്റാരോപണങ്ങളെല്ലാം സുനി നിഷേധിച്ചു.രഞ്ജിത്തിനെ ഫോണില്‍ വിളിക്കുകയോ സ്വര്‍ണക്കവര്‍ച്ചയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും സുനി പറഞ്ഞു. രഞ്ജിത്തിന്റെ ഫോണിലേക്കു സുനി വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് നിരത്തിയെങ്കിലും അതു തന്റെ നമ്പറല്ലെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു മറുപടി. സുനിയുടെ സെല്ലും പരിസരവും പരിശോധിക്കാന്‍ കോടതി അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഫോണും സിം കാര്‍ഡുമൊന്നും കണ്ടെടുക്കാനായിട്ടില്ല.

ചെറുവണ്ണൂര്‍ സിഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ നല്ലളം എസ്‌ഐ എസ്.ബി.കൈലാസ് നാഥും സംഘവുമാണ് സുനിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. സുനിയില്‍ നിന്നറിയാനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘം ചോദ്യാവലി തയാറാക്കിയിരുന്നു. 2016 ജൂലൈ 16നു തലശേരി സ്വദേശി ഇസ്മായിലിനെ നല്ലളത്തു കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നരക്കിലോ സ്വര്‍ണമടങ്ങിയ ബാഗ് കവര്‍ന്നെന്നാണു കേസ്.

അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണു കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ കൊടി സുനിയുടെ പങ്ക് വ്യക്തമായത്. തുടര്‍ന്നു സുനിയെ ചോദ്യം ചെയ്യാന്‍ കോടതിയില്‍നിന്നു പൊലീസ് അനുമതി വാങ്ങുകയായിരുന്നു. സുനിയുടെ മൊഴി വിശദമായി പരിശോധിച്ചശേഷം കേസില്‍ നേരത്തെ അറസ്റ്റിലായി ജില്ലാ ജയിലില്‍ കഴിയുന്ന കാക്ക രഞ്ജിത്തിനെയും ജാമ്യത്തിലിറങ്ങിയ രാജേഷ് ഖന്നയെയും വീണ്ടും ചോദ്യം െചയ്യും. തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്ല.

ജയിലില്‍നിന്നു കാക്ക രഞ്ജിത്തിനെ വിളിക്കാനുപയോഗിച്ച സിം കാര്‍ഡ് കൊടി സുനിയുടെ നാട്ടുകാരന്റെ പേരില്‍ എടുത്തതാണെന്നു വിവരം. ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തോടു സുനി പറഞ്ഞതും ഇതുതന്നെ. ഈ സിം കാര്‍ഡ് എങ്ങനെ ജയിലിനുള്ളിലെത്തി എന്നതു ദുരൂഹമാണ്. ജയില്‍ അധികൃതരും സംശയത്തിന്റെ നിഴലിലാകുമെന്നതിനാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് അന്വേഷിക്കാനിടയില്ലെന്നു സൂചനയുണ്ട്.

You must be logged in to post a comment Login