സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ; ഗ്രാമിന് 40 രൂപ കൂടി

കൊച്ചി : സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഗ്രാമിന് 40 രൂപ കൂടി. 3,180 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്റെ വില 25,440 രൂപയായി. ഇന്നലെ സ്വര്‍ണ വില 25120 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ മൂന്നിനായിരുന്നു. 24,080 രൂപയായിരുന്നു പവന് വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുത്തനെ കൂടിയിട്ടുണ്ട്.

യുഎസ് ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശനിരക്കില്‍ മാറ്റം വരുത്തുമെന്ന സൂചനകളും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്. അമേരിക്കയില്‍ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

ലണ്ടന്‍ ആസ്ഥാനമായ സ്വര്‍ണ വിപണിയില്‍ ഔണ്‍സിന് (ഏകദേശം 31.10 ഗ്രാം) രണ്ടു ദിവസത്തിനകം 1.75 ശതമാനം വില കൂടിയിട്ടുണ്ട്. ബാങ്കുകളിലെ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്കും ഓഹരി വിപണിയിലേക്കും നിക്ഷേപങ്ങള്‍ നടത്താനുള്ള പ്രവണത തുടരുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

You must be logged in to post a comment Login