‘സ്വാമിയേ’ ശരണമെന്റേമാനേ

സ്വാമിയെന്നാല്‍ കണ്‍കണ്ട ദൈവമെന്നാണ് വിവക്ഷ. ഏതായാലും പേര് ചീത്തയാക്കിയെന്നാണ് നമ്മുടെ പൂഞ്ഞാര്‍ തമ്പുരാന്റെ വാദം. കണ്ടാല്‍ നല്ല പാവം. ബുദ്ധിയോ അതി ഗംഭീരം. ഇതൊക്കയാണ് നമ്മുടെ സ്വാമിയുടെ ലക്ഷണം. പക്ഷേ നിസാമിനെ പോലുള്ള ഒരു ക്രിമിനലിന്റെ കൈപ്പിടിയില്‍ നമ്മുടെ ‘കൊച്ചുമുരുകന്‍’ വീണു എന്ന് പറഞ്ഞാല്‍ അത്ര ദഹിക്കാനാകുന്നില്ലെന്നാണ് ഭരണക്കാരിലെ പ്രമുഖന്മാര്‍ പറയുന്നത്. എന്നാല്‍ മറ്റുചിലരാകട്ടെ ഇത് അംഗീകരിക്കുന്നതിന് കാരണം വിവാദ വ്യവസായിയുടെ ഏക്കര്‍ കണക്കിന് പുകയിലപ്പാടം സ്ഥിതി ചെയ്യുന്നത് കൊച്ചുമുരുകന്റെ നാട്ടിലാണെന്നതാണ്. ആഭ്യന്തര മന്ത്രിയുടെ വാക്കുകളില്‍ സ്വാമി സ്വാമിയാണെന്ന അവബോധം പരത്തുന്നുണ്ട്.
അല്ലെങ്കിലും കോടതിയില്‍ ചെന്നാല്‍ ചീഫ് വിപ്പിന്റ കൈയിലെ സൈബര്‍ ശബ്ദരേഖ മുഖവിലയ്‌ക്കെടുക്കാന്‍ ഇടയില്ലെന്നാണ് കറുത്ത കോട്ടിടുന്ന വലിയ ഏമാന്‍മാര്‍ പറയുന്നത്. വെറുതെ പി.സി. എല്ലാവരെയും വെറുപ്പിച്ചെന്നല്ലാതെ ഒരു നേട്ടവും ഉണ്ടാകില്ലപോലും. അല്ലെങ്കിലും പിസിമാര്‍ പലരും മറ്റുള്ളവരുടെ കക്ഷത്തില്‍ തലവെച്ച് കൊടുക്കുന്ന സ്വഭാവക്കാരാണ്. കണ്ടില്ലേ കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവിന്റെ മകനായ മറ്റൊരു പിസി ഉത്തര കേരളത്തിലെ പടനായകനും സിപിഎമ്മിന്റെ ഗര്‍ജ്ജിക്കുന്ന സിംഹവുമായ പിണറായിയുടെ ശാസനയ്ക്ക് മുന്നില്‍ നമ്രശിരസ്‌കനായി നിന്നതും ഇറങ്ങിപ്പോയതും വലിയ ക്ഷീണമായിപ്പോയെന്നാണ് രാഷ്ട്രീയക്കാര്‍ തന്നെ വിലയിരുത്തുന്നത്. അന്നേ പറഞ്ഞില്ലേ മോനേ പിസി, കോണ്‍ഗ്രസ് പാരമ്പര്യമുള്ള പിതാവിന്റെ കബറിടത്തില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ദീപശിഖ ഏറ്റുവാങ്ങി ഇടതന്മാരുടെ കൈയില്‍ കൊടുക്കല്ലെ എന്ന്.
ഇതാ പറയുന്നത് അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന്. ഇനി സംഘബലം തെളിയിക്കണമെങ്കില്‍ ചില്ലറ കളിയൊന്നും പോര.
വര്‍ഷങ്ങള്‍ക്കുമുമ്പ് പിളര്‍ന്ന ഒരു കോണ്‍ഗ്രസ് വിഭാഗം കരുത്ത് തെളിയിക്കാന്‍ കണ്‍വെന്‍ഷന്‍ വിളിച്ചപ്പോള്‍ യുവാക്കളുടെ തള്ളിക്കയറ്റം കണ്ട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് മനസ്സിലായത് കണ്‍വെന്‍ഷനെത്തിയ യുവാക്കള്‍ക്ക് ഒരു ചിക്കന്‍ ബിരിയാണിയും പെഗും നൂറുരൂപയും ഫ്രീ. ഇതേപോലെ പൊടിക്കാന്‍ പൊളപ്പന്‍ നോട്ടുണ്ടോ എന്റെ പിസിയേ ? അല്ലെങ്കില്‍ കരപറ്റാന്‍ നന്നേ പാടുപെടും. ഇനി കോണ്‍ഗ്രസിനെ പുകഴ്ത്തി ആ കൂടാരത്തില്‍ ചേക്കേറാമെന്ന് വച്ചാലോ പിണറായിക്കുവേണ്ടി കാസര്‍കോഡുനിന്നും പാറശാലവരെ നടത്തിയ യാത്രയില്‍ ഏഴുകുളത്തില്‍ കുളിച്ചാലും തീരാത്തത്ര ചീത്തയല്ലേ ആ നാവില്‍നിന്ന് കോണ്‍ഗ്രസിനെതിരെ വര്‍ഷിച്ചത്. എല്ലാം ഇനി സ്വാമിയുടെ കൈയില്‍.

You must be logged in to post a comment Login