സ്വാശ്രയം: യുഡിഎഫ് നിരാഹാരസമരം അവസാനിപ്പിച്ചു; സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാനായെന്ന് ചെന്നിത്തല

swasrayam-1

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭാ കവാടത്തില്‍ തുടരുന്ന നിരാഹാരസമരം യുഡിഎഫ് അവസാനിപ്പിച്ചു. ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് തീരുമാനമെടുത്തത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകിട്ട് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. സമരത്തിലൂടെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാനായെന്നും, സമരം വിജയമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ വിഷയത്തില്‍ സമവായമുണ്ടാകാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്ര്യം മൂലമാണ്. സമരം നടത്തിയതിലൂടെ സ്വാശ്രയരംഗത്തെ കൊള്ള തുറന്നുകാട്ടാനായി. വിഷയത്തില്‍ പാപ്പരത്തം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. പൂജാ അവധി സമയത്ത് എംഎല്‍എമാര്‍ സഭാകവാടത്തില്‍ നിരാഹാരമിരിക്കുന്നതിനോട് യോഗം യോജിച്ചില്ല. തുടര്‍നടപടികള്‍ 17 ന് ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി നിരാഹാര സമരത്തിലായിരുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ഇന്നലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വി ടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരായിരുന്നു നിരാഹാരം അനുഷ്ടിച്ചത്.

You must be logged in to post a comment Login