സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും; വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ എഞ്ചിനീയറിങ് കോളെജുകള്‍ക്ക് ഓംബുഡ്‌സ്മാന്‍

കൊച്ചി: വിദ്യാര്‍ത്ഥികളോടുളള മാനെജ്‌മെന്റിന്റെ ക്രൂരതകള്‍ തുടരുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളെജുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോളെജുകള്‍ അടച്ചിടുമെന്ന് അസോസിയേഷനുകള്‍. പാമ്പാടി എന്‍ജിനീയറിങ് കോളെജ്, മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളെജ് എന്നിവ വിദ്യാര്‍ഥി സംഘടനകള്‍ തല്ലിപ്പൊളിച്ചതിന് പിന്നാലെയാണ് മാനെജ്‌മെന്റിന്റെ നീക്കം.

നാളെ സംസ്ഥാനത്തെ 120 എന്‍ജിനീയറിങ് കോളെജുകള്‍ സൂചനാ പണിമുടക്കെന്ന രീതിയില്‍ അടച്ചിടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. അടുത്ത ദിവസം പരീക്ഷ നടക്കുന്നതിനാലാണ് ഇപ്പോള്‍ സൂചനാ പണിമുടക്ക് നടത്തുന്നതെന്നും സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് കോളെജുകള്‍ അടച്ചിടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം മാനെജ്‌മെന്റുകള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പരാതികള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്തെ സ്വാശ്രയകോളെജുകള്‍ക്ക് സ്വതന്ത്ര്യ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കുവാനായി ജില്ലാ ജഡ്ജികളുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ആയിരിക്കും ഓംബുഡ്‌സ്മാനായി നിയമിക്കുന്നത്. കോളജുകളുടെ അഫിലിയേഷൻ പുതുക്കുന്നതിനും പുതിയ മാനദണ്ഡമായി. സർവകലാശാല പ്രതിനിധികൾ കോളജ് സന്ദർശിക്കും. വിദ്യാർഥികളുടെ പരാതികളും നിർദേശങ്ങളും പരിഗണിക്കും.

ഇത് കൂടാതെ 155 എന്‍ജിനീയറിങ് കോളെജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതിന് വിദഗ്ധരുടെ പരിശോധന നടത്താനും സാങ്കേതിത സര്‍വ്വകലാശാല തീരുമാനിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിമുതല്‍ കോളെജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതും. പാമ്പാടി എന്‍ജിനീയറിങ് കോളെജിലെ ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്വാശ്രയകോളെജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സമിതിയെ നിയോഗിക്കാനും ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിഷ്ണു. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളെജ് അധികൃതര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ കേരള സങ്കേതിക സര്‍വകലാശാല തള്ളിക്കളഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതായും ഇതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളെജ് അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.

You must be logged in to post a comment Login