സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ രണ്ട് തരം ഫീസ്; അമൃതയ്ക്ക് 18 ലക്ഷം രൂപ ഫീസ് വാങ്ങാം; മറ്റ് സ്വാശ്രയ കോളെജുകളില്‍ ഫീസ് 5.6 ലക്ഷം; പ്രതികരിക്കാതെ വിദ്യാര്‍ത്ഥിസംഘടനകള്‍

കൊച്ചി: എംബിബിഎസ് കോഴ്‌സിന് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത് രണ്ട് തരം ഫീസ്. അമൃത വിശ്വവിദ്യാപീഠം എംബിബിഎസിന് ഒരു വര്‍ഷം 18 ലക്ഷം രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്നും ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 2018-19 വര്‍ഷത്തെ അമൃതയിലെ ഫീസ് അവരുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. മറ്റ് സ്വാശ്രയ കേളെജുകളില്‍ എംബിബിഎസിന് ഒരു വര്‍ഷം 5.6 ലക്ഷം രൂപയാണ് ഫീസ്. മറ്റ് സ്വാശ്രയ കേളെജുകളില്‍ ഒരു വിദ്യാര്‍ഥിയില്‍ നിന്നും മൂന്ന് വര്‍ഷം ഈടാക്കുന്നതിലും അധികം ഫീസാണ് അമൃത വിശ്വവിദ്യാപീഠം ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഒരു വര്‍ഷം ഈടാക്കുന്നത്. ഫീസ് റെഗുലേറ്ററി കമ്മറ്റിയാണ് അമൃതയ്ക്ക് ഈ ഫീസ് ഘടന നിശ്ചയിച്ചു നല്‍കിയത്. മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ ഫീസ് നിശ്ചയിച്ചതും ഫീസ് റെഗുലേറ്ററി കമ്മിറ്റിയാണ്.

ഫീസ് ഘടനയിലെ ഈ ഇരട്ടത്താപ്പിനെതിരെ വിദ്യാര്‍ഥി സംഘടനകളോ രാഷ്ട്രീയ നേതൃത്വമോ രംഗത്ത് വന്നിട്ടില്ല. മെഡിക്കല്‍ പ്രവേശന നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി കെ.കെ.ശൈലജ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഫീസ് നിശ്ചയിച്ചതിലെ ഈ ഇരട്ടത്താപ്പ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

You must be logged in to post a comment Login