സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

stethoscope and pen resting on a sheet of medical lab test results, with patient file and x-ray or mri film
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ സര്‍ക്കാര്‍ പിന്നോട്ട്. ഏകീകൃത ഫീസ് നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ദന്തല്‍ കോളേജ് മാനേജ്‌മെന്റുകളുമായുണ്ടാക്കിയ ധാരണ പിന്‍വലിച്ചതായും അവര്‍ വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശനത്തിന് മുന്‍ വര്‍ഷങ്ങളിലെ ഫീസ് ഘടനതന്നെ തുടരാന്‍ തീരുമാനിച്ചു. മുഴുവന്‍ സീറ്റിലും നീറ്റ് മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നല്‍കും. മാനേജ്‌മെന്റ് സീറ്റില്‍ എന്ത് ഫീസ് ഈടാക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കും. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. കൂടാതെ എസ്.എഫ്.ഐയും സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

അതേസമയം, സര്‍ക്കാര്‍ നിലപാട് അവഗണിച്ച് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാണ് മാനേജ്‌മെന്റുകള്‍ തീരുമാനിച്ചിരിക്കുന്നത്. സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ നാല് മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളേജുകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചേക്കും.

You must be logged in to post a comment Login