തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് മെരിറ്റ് സീറ്റുകളിലേക്കുള്ള ഓപ്ഷന് രജിസ്ട്രേഷന് തുടങ്ങി. സ്വാശ്രയ, മെഡിക്കല്‍ ദന്തല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ആറിനു പ്രസിദ്ധീകരിക്കും. ഒന്പതിനു കോളജുകളില്‍ പ്രവേശനം നേടണം. എന്നാല്‍ കോളജുകളില്‍ പ്രവേശനം നേടാനുള്ള സമയം രണ്ടു ദിവസമായി ചുരുക്കിയത് അന്യസംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നു.
രണ്ടാംഘട്ടമായി 2350 എം.ബി.ബി.എസ് സീറ്റിലേക്കാണു സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്തുന്നത്. സ്വാശ്രയ മാനേജുമെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 23 കോളജുകളും സഹകരിച്ചാല്‍ 900 എം.ബി.ബി.എസ് സീറ്റുകള്‍ ഇക്കുറി അധികമായി ലഭിക്കും. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ വരും ദിവസങ്ങളില്‍ കരാറിന്റെ ഭാഗമായേക്കുമെന്നാണു സൂചന.
ഇതും കൂടി കണക്കിലെടുത്ത് 23 കോളജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശന നടപടികള്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ ആരംഭിച്ചിട്ടുള്ളത്. മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകര് അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ ഓരോരുത്തരുടെയുംഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തണം.
ആറിന് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് ഏഴു മുതല്‍ ഒന്‍പതു വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ അടയ്ക്കണം. ഫീസ് അടച്ചശേഷം അലോട്ട്മെന്റ് ലഭിച്ച കോളജില്‍ ഒന്പതിനു വൈകിട്ട് അഞ്ചിനു മുമ്പായി പ്രവേശനം നേടണമെന്നാണു പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനത്തില്‍ പറയുന്നത്.
എന്നാല്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ പ്രകാരം അന്യസംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടിയവരെ ഈ സമയക്രമം പ്രതികൂലമായി ബാധിക്കും.
ഇവര്‍ക്കു സംസ്ഥാനത്തെ ഏതെങ്കിലും സ്വാശ്രയ കോളജുകളില്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചാല്‍ അതിനുള്ള സാവകാശം ലഭിക്കില്ലെന്നാണു പരാതി ഉയരുന്നത്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഇപ്പോള്‍ പഠിക്കുന്ന കോളജുകളില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്മെന്റ് ആറിനു വൈകുന്നേരം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പ്രവേശനം നേടാന്‍ രണ്ടു ദിവസത്തെ സമയം മാത്രമേയുള്ളൂ. ഇതിനിടയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി ഫീസ് അടയ്ക്കുന്നതിനും പ്രവേശനം നേടുന്നതും പ്രയാസമായിരിക്കുമെന്നാണ് ആക്ഷേപം. പ്രവേശനം നേടേണ്ട തീയതി ദീര്‍ഘിപ്പിച്ചു നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം.
You must be logged in to post a comment Login