സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ മൂല്യശോഷണം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ മൂല്യശോഷണമെന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ വിമര്‍ശനം. ഒന്നും മൂന്നും പേപ്പറിന് ആറുകുട്ടികള്‍ക്ക് മൈനസ് മാര്‍ക്ക് കിട്ടിയത് ചൂണ്ടിക്കാട്ടിയായിരുന്നു ജയിംസ് കമ്മിറ്റിയുടെ പരാമര്‍ശം.കഴിഞ്ഞ 21 ന് നടത്തിയ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശ പരീക്ഷയുടെ ഫല പ്രഖ്യാപന വേളയിലാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ രംഗത്തെ മൂല്യ ശോഷണത്തെപ്പറ്റി വിമര്‍ശനം ഉന്നയിച്ചത്. justice james committee

315 മാനേജ്‌മെന്‍റ് സീറ്റുകളിലേക്ക് 778 കുട്ടികളായിരുന്നു പരീക്ഷ എഴുതിയത്. 50% ല്‍ അധികം മാര്‍ക്കുവാങ്ങി 408 കുട്ടികള്‍ പ്രവേശനത്തിന് യോഗ്യത നേടി.  റീമാ അബൂബക്കര്‍ ഒന്നും ശ്രീരാജ്, അശ്വതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്ക് നേടി. എന്നാല്‍ ഒന്നാം പേപ്പറായ ബയോളജിക്ക് രണ്ട് കുട്ടികള്‍ മൈനസ് മാര്‍ക്ക് നേടി. രണ്ടാം പേപ്പറായ കെമിസ്ട്രി, ഫിസിക്‌സിന് നാല് കുട്ടികളാണ് മൈനസ് മാര്‍ക്ക് നേടിയത്. ഇതാണ് ഈ രംഗത്തെ മൂല്യശോഷണത്തെപ്പറ്റി ആലോചിക്കണമെന്ന് പറയാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ പ്രേരിപ്പിച്ചത്

നാനൂറില്‍  അഞ്ച് മാര്‍ക്ക് നേടിയ കുട്ടിയുണ്ട്. ഇത്തരം കുട്ടികള്‍ എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ കണ്ടെത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം സമയബന്ധിതമായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. ഓഗസ്റ്റ് മധ്യത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആദ്യത്തോടെ ക്ലാസ് തുടങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login