സ്വിസ് ഓപ്പണില്‍ സായ് പ്രണീതിന് വെള്ളി

 

ബാസെല്‍: ഇന്ത്യന്‍ താരം സായ് പ്രണീതിന് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ വെള്ളി. ഫൈനലില്‍ ചൈനീസ് താരം ഷി യുഖിയോട് കടുത്ത പോരാട്ടത്തിലാണ് സായ് പ്രണീത് കീഴടങ്ങിയത്. സ്‌കോര്‍ 21-19, 18-21, 12-21. ലോക രണ്ടാം നമ്പര്‍ താരമായ ഷി യുഖിക്കെതിരെ മികച്ച കളി ഇന്ത്യന്‍താരം പുറത്തെടുത്തു. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ തിരിച്ചടിയായി.

ആദ്യത്തെ പ്രധാന കിരീടം നേടാനുള്ള അവസരമാണ് ഇതിലൂടെ സായ് പ്രണീതിന് നഷ്ടമായത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച സായ് പ്രണീത് ഫൈനലിലെ ആദ്യഘട്ടത്തിലും വീറുറ്റ പോരാട്ടം കാഴ്ചവെച്ചു. ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായെങ്കിലും രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാധ്യത നിലനില്‍ത്തിയിരുന്നു. എന്നാല്‍, ജേതാവിനെ നിശ്ചയിക്കുന്ന മൂന്നാം സെറ്റില്‍ സായ് പ്രണീതിന് അടിതെറ്റി.

വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സായ് പ്രണീതിന്റെ പ്രകടനം. നേരത്തെ സെമിയില്‍ ഒളിമ്ബിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെ സെമിയില്‍ തോല്‍പ്പിച്ചായിരുന്നു പ്രണീത് ഫൈനലിലെത്തിയത്. 21-18, 21-13 എന്ന നേരിട്ടുള്ള സെറ്റില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ പ്രകടനത്തോടെ ലോക 22ാം റാങ്കുകാരനായ സായ് പ്രണീതിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാകും.

You must be logged in to post a comment Login