സ്‌കാനിയ ബസുകൾ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നു

ksrtc scania

തിരുവനന്തപുരം: അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി സ്‌കാനിയ ബസുകൾ തുടർച്ചയായി അപകടങ്ങളിൽപെടുന്നതിനെ തുടർന്ന് നാലു കോടിയോളം രൂപയുടെ നഷ്‌ടം. അപകടത്തിൽ പെടുന്ന ബസുകൾ നന്നാക്കിയെടുക്കുന്നതിലൂടെയും അപകടത്തെ തുടർന്ന് ട്രിപ്പുകൾ മുടങ്ങുന്നതിലൂടെയുമാണ് ഇത്രത്തോളം നഷ്ടമുണ്ടായത്.

കെഎസ്ആർടിസിയുടെ 18 ബസുകളാണ് തുടർച്ചയായി അപകടങ്ങളിൽപ്പെട്ടത്. ഒന്നരക്കോടി രൂപ വരുന്ന ഒരു ബസ് അപകടത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവര്‍ ഉറങ്ങിയതു കാരണം ബെംഗലൂരുവില്‍ ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന ബസ് നന്നാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നിയമസഭയില്‍ നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഡ്രൈവർമാരുടെ പിഴവാണെന്ന് പറഞ്ഞിരുന്നെങ്കിലും അവർക്കെതിരെ ശിക്ഷാനടപടികൾ ഒന്നും ഇത് വരെ സ്വീകരിച്ചിട്ടില്ല. മൂന്ന് ബസുകളുടെ ഡ്രൈവർമാരിൽ നിന്ന് മാത്രം പിഴ ഈടാക്കിയിട്ടുള്ളൂ. ഡ്രൈവർമാർക്ക് ഡബിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിനെ തുടർന്നാണ് അപകടനിരക്ക് വർധിച്ചത്. സ്‌കാനിയയിൽ നിന്ന് ബസുകൾ വാങ്ങുമ്പോൾ അറ്റകുറ്റ പണിക്കുള്ള കരാർ കമ്പനിയുമായി മാനേജ്‍മെന്‍റ് ഉണ്ടാക്കിയില്ലെന്ന് ആരോപണമുണ്ട്.

You must be logged in to post a comment Login