സ്‌കാനിയ, വോള്‍വോ, ജന്‍ റം ബസ് നിരക്കിലും നാളെ മുതല്‍ വര്‍ധന

 

തിരുവനന്തപുരം: ജന്‍ റം ലോഫ്‌ളോര്‍ എസി, നോണ്‍ എസി, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, മള്‍ട്ടിആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ നിരക്കും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിരക്ക് വര്‍ധന നാളെ മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. മുന്‍പു ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ് നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഇവ ഉള്‍പ്പെടുത്തിയിരുന്നില്ല.

ലോഫ്‌ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 15 രൂപയില്‍നിന്ന് 20 ആകും. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. ഇത്തരം ബസുകളുടെ കിലോമീറ്റര്‍ നിരക്കില്‍ വര്‍ധനയില്ല. 1.50 രൂപയാണു കിലോമീറ്റര്‍ നിരക്ക്. ജന്റം ലോഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്കു 10 രൂപയാക്കി. മിനിമം നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 80 ആകും. നിലവില്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയായിരുന്നു.

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടിആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ ഇത്തരം ബസുകളില്‍ 80 രൂപ മിനിമം നിരക്കു നല്‍കേണ്ടി വരും. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്നു രണ്ടാക്കി.

സൂപ്പര്‍ എയര്‍ എക്‌സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 25ല്‍ നിന്ന് 28 രൂപയാക്കി. മിനിമം നിരക്കില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 85 പൈസയില്‍നിന്നു 93 പൈസയാകും. എല്ലാ നിരക്കുകളും നാളെയാണു നിലവില്‍ വരുന്നത്.

You must be logged in to post a comment Login