സ്‌കുള്‍ ഗെയിംസില്‍ പുതിയ ഇനമായി ഭാരോദ്വഹനവും ഫുട്‌ബോളും

കണ്ണൂര്‍: കേരളത്തിലെ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ ഗെയിംസില്‍ ഇനി ഫുട്‌ബോള്‍ മത്സരവും. പന്തുകളി കമ്പക്കാരേറെയുള്ള നാട്ടില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്. ഭാരോദ്വഹനവും സ്‌കൂള്‍ ഗെയിംസ് ഇനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 19 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗമായിട്ടാണ് പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരം നടത്തുക.

weightlifting-3-5-art-gp9gacv9-1olympictrials-kr-01ഭാരോദ്വഹന മത്സരത്തില്‍ 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേകമത്സരങ്ങള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപജില്ലാതലം മുതല്‍ മത്സരങ്ങള്‍ നടക്കും. മത്സരിക്കാനും കാണാനുമൊക്കെ ആള് കുറവുള്ള ധാരാളം ഇനങ്ങളില്‍ ദേശീയതലം വരെ മത്സരിക്കാന്‍ കേരളത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് അവസരം ലഭിക്കുന്ന സ്‌കൂള്‍ കായികമേളകളിലാണ് ഫുട്‌ബോള്‍ പടിക്കുപുറത്തായിരുന്നത്. കേരളത്തിലെ മികച്ച താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കിനുപുറമെ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള അവസരവും നഷ്ടപ്പെടുകയായിരുന്നു. 1997-98ല്‍ കശ്മീരില്‍ നടന്ന സ്‌കൂള്‍വിദ്യാര്‍ഥിനികളുടെ ദേശീയ ഫുട്‌ബോള്‍ മത്സരത്തില്‍ പരിശീലകനായ ഗബ്രിയേല്‍ ജോസഫ് മുന്‍കൈയെടുത്ത് കേരളാ ടീമിനെ പങ്കെടുപ്പിച്ചിരുന്നു. അന്ന് ഓപ്പണ്‍ സെലക്ഷനിലൂടെയാണ് സംസ്ഥാന ടീമിനെ കണ്ടെത്തിയത്. പിന്നീട് ഈ രീതിക്കും ആരും മുന്‍കൈയെടുത്തിരുന്നില്ല.

സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരയിനമാക്കണമെന്ന ആവശ്യവുമായി കോഴിക്കോട് വിമന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് ഭാരവാഹിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ എം.ഫൗസിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനും വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പണം കെട്ടിവെച്ചാലേ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന്റെ ദേശീയ സ്‌കൂള്‍മത്സരത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലഭിച്ച മറുപടി.

You must be logged in to post a comment Login